ദുബൈ: സ്കൂൾ കാൻറീനുകളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം എന്താണെന്ന് രക്ഷിതാക്കൾക്ക് അറിയാൻ ദുബൈ നഗരസഭ ഡിജിറ്റൽ സംവിധാനം ഒരുക്കുന്നു. ‘ഫുഡ് വാച്ച്’ എന്ന ഇൗ സംവിധാനം നടപ്പിലാവുന്നതോടെ ദുബൈയിലെ ഭക്ഷ്യവ്യാപാരികളുെടയും അവർ വിൽക്കുന്ന ഉൽപന്നങ്ങളുടെയും സമ്പൂർണ വിവരങ്ങൾ ഒാൺലൈനിൽ ലഭിക്കും. നഗരസഭയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തയാറാക്കുന്ന ഭക്ഷണപട്ടികക്ക് ഭക്ഷ്യവിതരണക്കാർക്കും കാറ്ററിങ്ങുകാർക്കും അപ്പപ്പോൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അനുമതി നേടാൻ സാധിക്കുമെന്ന് ദുബൈ നഗരസഭയിലെ പരിസ്ഥിതി^ആരോഗ്യ^സുരക്ഷ മേഖല സി.ഇ.ഒ ഖാലിദ് ശരീഫ് ആൽ അവാദി പറഞ്ഞു.
സ്കൂൾ കാൻറീനുകളിൽ 70 തരത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് വിലക്കിയിട്ടുണ്ട്. സാൻഡ്വിച്ച് തയാറാക്കാൻ ഉപയോഗിക്കുന്ന ഡേലി മീറ്റ്, ചോക്കലേറ്റ്, ഉപ്പു ബിസ്കറ്റ് തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടും. ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ചേരുവകളും അലർജിക്ക് കാരണമായേക്കാവുന്ന വസ്തുക്കളും ‘ഫുഡ് വാച്ച്’ മുഖേന അറിയാം. പ്രതിവാര ഭക്ഷണ പട്ടികയിലൂടെ ഏതൊക്കെ ഭക്ഷണമാണ് സ്കൂൾ കുട്ടികൾക്ക് നൽകുന്നതെന്ന് അറിയാൻ ഫുഡ് വാച്ചിലെ സ്കൂൾ കാൻറീൻ സെക്ഷൻ രക്ഷിതാക്കളെ സഹായിക്കുകയും ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യും. ക്രമേണ സ്കൂൾ കാൻറീനിൽ വിളമ്പുന്ന ഭക്ഷണം രക്ഷിതാക്കൾക്ക് നേരിട്ട് നിരീക്ഷിക്കാവുന്ന സംവിധാനമൊരുക്കാനും നഗരസഭക്ക് പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ കാൻറീൻ ഭക്ഷണങ്ങൾ അവയുടെ പോഷകമൂല്യത്തെ അടിസ്ഥാനമാക്കി ആരോഗ്യകരം, തൃപ്തികരം, വിലക്കപ്പെട്ടത് എന്നിങ്ങനെ നഗരസഭ റേറ്റിങ് നടത്തിയതായി അവയർനസ്^അപ്ലൈഡ് ന്യൂട്രിഷൻ യൂനിറ്റ് മേധാവി ജിഹൈന ഹസൻ ആൽ അലി പറഞ്ഞു.
ഇവ യഥാക്രമം പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ‘സ്മൈലി’കളാൽ അടയാളപ്പെടുത്തും. സന്തോഷം, സാധാരണത്വം, ദുഃഖം എന്നീ വികാരങ്ങളുള്ള സ്മൈലികളാണ് യഥാക്രമം ഇവക്ക് ഉപയോഗിക്കുക. ആദ്യ രണ്ട് വിഭാഗങ്ങളുടെ മികച്ച അനുപാതത്തിലുള്ള ഭക്ഷണ പട്ടിക തയാറാക്കാനാണ് ആവശ്യപ്പെടുക. അപ്പോൾ മാത്രമേ അവ സ്കൂൾ കാൻറീനുകളിൽ വിൽക്കാൻ അനുമതി നൽകുകയുള്ളൂ. എല്ലാ തരത്തിലുള്ള ബണുകളും നിരോധിക്കില്ല. ഉദാഹരണത്തിന് സമ്പൂർണ ഗോതമ്പിലും ഒാട്ട്സിലും നിർമിക്കുന്ന ബണുകൾ ആരോഗ്യകരമായതിനാൽ അവക്ക് അനുമതി നൽകും. രുചിയും വ്യത്യസ്തതയും ഇഷ്ടപ്പെടുന്ന കുട്ടികളുടെ ഭക്ഷണം ആരോഗ്യപ്രദം കൂടിയാണെന്ന് ഉറപ്പുവരുത്തുമെന്നും ജിഹൈന ഹസൻ ആൽ അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.