അതിർത്തി വഴിയുള്ള മനുഷ്യക്കടത്ത് ശ്രമം തടഞ്ഞ്​ യു.എ.ഇ

അബൂദബി: അതിർത്തി വഴി നിയമവിരുദ്ധമായി ആളുകളെ കടത്താൻ ശ്രമിച്ച രണ്ട് വൻ കടത്തുസംഘങ്ങളെ സുരക്ഷാസേന പിടികൂടി. യു.എ.ഇയിലേക്ക് അനധികൃതമായി ആളുകളെ എത്തിക്കാനുള്ള നീക്കവും, സുരക്ഷാ ഏജൻസികൾ തിരയുന്ന പിടികിട്ടാപ്പുള്ളിയായ വ്യക്തിയെ വിദേശത്തേക്ക് കടത്താനുള്ള ശ്രമവുമാണ് അധികൃതർ വിജയകരമായി തടഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെയടക്കം അറസ്റ്റ് ചെയ്ത് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.

18 ഏഷ്യൻ പൗരന്മാരെ നിയമവിരുദ്ധമായി രാജ്യത്തിനുള്ളിലേക്ക് കടത്താനുള്ള ശ്രമമാണ് ആദ്യ സംഭവത്തിൽ അധികൃതർ തകർത്തത്. ഒരു ഗൾഫ് പൗരന്‍റെ സഹായത്തോടെ ചെറിയ ഗ്രൂപ്പുകളായി ആളുകളെ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഇയാൾ സുരക്ഷാസേനയുടെ പിടിയിലാവുകയായിരുന്നു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതായി കാണിച്ച് പരിശോധനകളിൽനിന്ന് രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചത്. സ്വന്തം കുടുംബത്തിലെ അഞ്ച് അംഗങ്ങളെയും കൂടെ കൂട്ടിയ ഇയാൾ, അതിർത്തി പോയന്‍റിലൂടെ രണ്ട് ഏഷ്യൻ പൗരന്മാരെ കടത്താൻ ശ്രമിക്കവേയാണ് അറസ്റ്റിലായത്. കുടുംബസമേതമുള്ള യാത്രയായി ചിത്രീകരിച്ച് സംശയം ഒഴിവാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

നിയമനടപടികളും അറസ്റ്റ് വാറന്‍റും നേരിടുന്ന ഒരു വിദേശപൗരനെ രാജ്യത്തുനിന്ന് രഹസ്യമായി പുറത്തെത്തിക്കാൻ ശ്രമിച്ചതാണ് രണ്ടാമത്തെ സംഭവം. ഗൾഫ് വനിതയും മകളും ചേർന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരും സമാന രീതിയിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടി യാത്ര ചെയ്ത് സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാനാണ് ശ്രമിച്ചത്.

പിടിയിലായ വനിത മുമ്പും ഇതേരീതിയിൽ ആളുകളെ അനധികൃതമായി അതിർത്തി കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇവരുടെ മകളുടെ ഭർത്താവും ഇത്തരത്തിലുള്ള മനുഷ്യക്കടത്ത് കേസുകളിൽ പ്രതിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പങ്ക് വ്യക്തമാക്കുന്നതിനായി പബ്ലിക് പ്രൊസിക്യൂഷൻ വിശദമായ അന്വേഷണം തുടരുകയാണ്. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിലും നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിലും സുരക്ഷാ ഏജൻസികൾ പുലർത്തുന്ന ജാഗ്രതയ്ക്കും കാര്യക്ഷമതക്കും തെളിവാണ് ഈ നടപടി.

Tags:    
News Summary - UAE thwarts human trafficking attempt across the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.