ഷാർജ ഉപ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു
ഷാർജ: ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും ശൈഖ് അബ്ദുർ റഹ്മാൻ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനായ ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.
വെള്ളിയാഴ്ചയായിരുന്നു മരണം. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ റൂളേഴ്‌സ് കോർട്ട് അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ പ്രശസ്തമായ കിങ് ഫൈസൽ പള്ളിയിൽ നടക്കും.
തുടർന്ന് അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിന്‍റെ വേർപാടിൽ അൽ ഖാസിമി കുടുംബത്തിനും ബന്ധുമിത്രാദികൾക്കും റൂളേഴ്‌സ് കോർട്ട് ആശ്വാസവും പ്രാർഥനകളും അറിയിച്ചു.
അനുശോചനം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി അൽ ബദീഅയിലുള്ള ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം അൽ ഖാസിമിയുടെ വസതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ ഒമ്പതുമണി മുതൽ ളുഹർ നമസ്കാരം വരെയും, വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം മഗ്‌രിബ് നമസ്കാരം വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീകൾക്കായി അൽ തർഫാനയിലുള്ള പരേതന്‍റെ വസതിയിലാണ് അനുശോചന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സലീം അൽ ഖാസിമിയുടെ വിയോഗത്തെ തുടർന്ന് ഷാർജയിൽ വെള്ളിയാഴ്ച മുതൽ ആരംഭിച്ച മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം തുടരുകയാണ്. വേർപാടിൽ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും ഭരണാധികാരികളും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.