ദുബൈയിൽ ട്രക്കുകൾക്ക് നിയന്ത്രണം

ദുബൈ: ദുബൈയിലെ റോഡുകളിൽ ഒക്ടോബർ ഒന്നുമുതൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബൈ പൊലീസും അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. എന്നാൽ, എമിറേറ്റ്‌സ് റോഡിനെ ഈ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.

അൽ ഖുദ്​റ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, പ്രധാന ക്രോസിങ്ങുകൾ, എയർപോർട്ട് ടണൽ എന്നിവിടങ്ങളിൽ ട്രക്കുകൾക്ക് 24 മണിക്കൂറും പൂർണ നിരോധനമുണ്ട്. ശൈഖ്​ സായിദ് റോഡ്, ബെയ്റൂത്ത്​ സ്ട്രീറ്റ്, അൽ മിസ്ഹാർ, മുഹൈസിന, ഔദ് അൽ മുതീന എന്നീ ജനവാസ മേഖലകളിൽ രാവിലെ ആറുമുതൽ രാത്രി 10 വരെയുള്ള 16 മണിക്കൂർ സമയത്താണ് നിയന്ത്രണം. എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമാസ്‌കസ് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ രാവിലെ 6.30 - 8.30, ഉച്ച 1.00 - 3.00, വൈകുന്നേരം 5.30 - 8.00 എന്നീ തിരക്കേറിയ സമയങ്ങളിലാണ് നിരോധനം.

നിയന്ത്രണ സമയങ്ങളിൽ ട്രക്കുകൾക്ക് വിശ്രമിക്കുന്നതിനായി നഗരത്തിലെ ആറ് പ്രധാന സ്ഥലങ്ങളിലായി നിർദേശിച്ച 16 റെസ്റ്റ് സ്റ്റോപ്പുകളിൽ 14 എണ്ണത്തിന്‍റെ നിർമാണം ആർ.ടി.എ പൂർത്തിയാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ പാർക്കിങ്​ ശേഷി 50 ശതമാനം വർധിപ്പിച്ച് മൊത്തം 1,007 ട്രക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ നാലു സ്ഥിരം റെസ്റ്റ് ഏരിയകൾ കൂടി നിർമിക്കാനും ആർ.ടി.എ പദ്ധതിയിടുന്നുണ്ട്​.

ദുബൈയിൽ പ്രതിദിനം നടക്കുന്നത് നാല് ലക്ഷത്തോളം ട്രക്ക് യാത്രകളാണ് നടക്കുന്നത്​. ഇതിൽ പ്രതിമാസം ഒന്നര ലക്ഷത്തിലധികം ട്രക്കുകൾ ഈ റെസ്റ്റ് സ്റ്റോപ്പുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഡ്രൈവർമാരുടെ യാത്രാക്ഷീണം അകറ്റുന്നതിനായി വിശ്രമമുറികൾ, പ്രാർഥനാ മുറികൾ, റെസ്റ്ററന്‍റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

നിയന്ത്രണ സമയങ്ങളിൽ ഡ്രൈവർമാരും ഗതാഗത കമ്പനികളും ബദൽ പാതകളോ അംഗീകൃത റെസ്റ്റ് സ്റ്റോപ്പുകളോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രധാന റോഡുകളിലോ ജനവാസ മേഖലകളിലോ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യരുത്. അടിയന്തര സാഹചര്യങ്ങളിൽ നിരോധിത സമയങ്ങളിൽ സർവീസ് നടത്തേണ്ടി വരുന്ന കമ്പനികൾ പിഴ ഒഴിവാക്കാനായി ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രത്യേക പെർമിറ്റിനായി മുൻകൂട്ടി അപേക്ഷിക്കേണ്ടതാണ്.

Tags:    
News Summary - Truck restrictions imposed in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.