ശൈഖ് അഹമ്മദിന്‍റെ ഓർമയുമായി ഒരുകോടി ഭക്ഷണപ്പൊതികൾ ഗസ്സയിലേക്ക്
ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണയേകി ഒരു കോടിയിലധികം ഭക്ഷണപ്പൊതികൾ തയാറാക്കി ‘അഹമ്മദ് ബിൻ റാശിദ് ഹ്യൂമാനിറ്റേറിയൻ ബ്രിഡ്ജ്’ പദ്ധതി ലക്ഷ്യം കൈവരിച്ചു. അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ജീവകാരുണ്യ സേവനത്തിനുള്ള ആദരവായി മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സും 'ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3'യും സംയുക്തമായാണ് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ഈ വൻ ജനകീയ ദൗത്യം സംഘടിപ്പിച്ചത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ ഭക്ഷണപ്പൊതികൾ തയാറാക്കാൻ വേൾഡ് ട്രേഡ് സെന്‍ററിലെത്തിയിരുന്നു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റ് ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കരുണയുടെയും നാടിനോടുള്ള സേവനത്തിന്‍റെയും പ്രതീകമായിരുന്ന ശൈഖ് അഹമ്മദ് ബിൻ റാശിദിന്‍റെ ഉദാത്തമായ മൂല്യങ്ങൾ ജനമനസ്സുകളിൽ എന്നും നിലനിൽക്കുമെന്ന് നേതാക്കൾ പറഞ്ഞു.
2023 നവംബർ മുതൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ വഴി 400 കോടിയിലധികം യു.എസ് ഡോളറിന്‍റെ സഹായമാണ് ഗസ്സക്ക് നൽകിയത്. ഇത് ലോകരാജ്യങ്ങൾ ഗസ്സക്ക് നൽകിയ ആകെ സഹായത്തിന്‍റെ 46 ശതമാനമാണ്. 796 വിമാനങ്ങൾ, 25 ചരക്കുകപ്പലുകൾ, 14,000-ത്തിലധികം ട്രക്കുകൾ എന്നിവയിലൂടെ 1,26,800 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ വസ്തുക്കൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.