ദമ്പതികളുടെ ബൈക്ക് യാത്രക്ക് മോശം കമന്‍റിട്ട രണ്ടുപേര്‍ക്ക് പിഴശിക്ഷ

അബൂദബി: വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാര്‍ സുഹൃത്തുക്കളോടൊപ്പം നടത്തിയ ബൈക്ക് യാത്രയുടെ വീഡിയോക്ക് മോശം കമന്‍റുകളിട്ട രണ്ട് സ്വദേശി പൗരന്മാര്‍ക്ക് 10,000 ദിര്‍ഹം വീതം പിഴ. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിങ് ഗ്രൂപ്പിലെ അംഗങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം ആല്‍ മുറൈഖി എന്നിവരെ സാമൂഹിക മാധ്യമത്തില്‍ അപമാനിച്ചതിനാണ് അബൂദബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളിലൊരാള്‍ രണ്ടരലക്ഷത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവിയുമാണ്.  വിവാഹത്തിന് ശേഷം ദമ്പതികള്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ 60 സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. അബൂദബിയിലെ അല്‍ റാഹ ബീച്ച് ഹോട്ടലിലില്‍നിന്ന് ദുബൈയിലേക്ക് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലായിരുന്നു യാത്ര. 

ഈ യാത്രയുടെ വീഡിയോക്കാണ് വധഭീഷണി ഉള്‍പ്പെടെയുള്ള കമന്‍റുകളിട്ടത്. പിഴ വിധിക്കപ്പെട്ട പ്രതികളിലൊരാള്‍ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും നരകത്തില്‍ പോകുമെന്ന് പരാമര്‍ശിച്ച് കവിത പോസ്റ്റ് ചെയ്തിരുന്നു. ഇത് അത്യധികം അപമാനകരമായ പ്രതികരണമാണെന്ന് ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. മൊത്തം നാല്‍പതോളം പേര്‍ക്കെതിരെയാണ് ദമ്പതികള്‍ കേസ് നല്‍കിയത്. ഇതില്‍ ആദ്യത്തെ കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞത്.  ഏഴ് പ്രതികള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ കേസ് പ്രോസിക്യൂഷന്‍ കോടതിയുടെ പരിഗണനക്ക് അയക്കാനിരിക്കുകയാണ്.

News Summary - uae Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.