നേപ്പാളിൽ കർമനിരതരായി യു.എ.ഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം

ദുബൈ: നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തെത്തുടർന്ന് യു.എ.ഇയുടെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം നേപ്പാളിലെ രസുവ മേഖലയിൽ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്ന നേപ്പാൾ ജനതയെ സഹായിക്കുന്നതിനായി യു.എ.ഇ നൽകുന്ന മാനുഷിക സഹായങ്ങളുടെ ഭാഗമായാണ് ഈ നടപടി. നേപ്പാളിലെ പ്രാദേശിക അധികാരികളുമായി നേരിട്ട് ഏകോപനം നടത്തിയാണ് യു.എ.ഇ ടീം ദുരിതബാധിത പ്രദേശങ്ങളിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് യു.എ.ഇ സംഘം സർവേയും തിരച്ചിലും നടത്തുന്നത്. ദുരന്തബാധിത പ്രദേശങ്ങളുടെ ത്രിമാന (ത്രീഡി) മാപ്പുകൾ തയാറാക്കുന്നതിനും, ആകാശമാർഗമുള്ള നിരീക്ഷണത്തിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

തകർന്നടിഞ്ഞതും ആൾപ്പാർപ്പില്ലാത്തതുമായ ഉൾനാടൻ പ്രദേശങ്ങളിൽ പ്രവേശിക്കാനും കാണാതായവരെ വേഗത്തിൽ കണ്ടെത്താനും ഈ സാങ്കേതികവിദ്യകൾ വലിയ രീതിയിൽ സഹായിക്കുന്നു. സഹായം ഏറ്റവും കൂടുതൽ ആവശ്യമായിട്ടുള്ള പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് യു.എ.ഇ റിലീഫ് ഓപറേഷൻസ് ഡയറക്ടർ ഹമൂദ് അൽ അഫാരി പറഞ്ഞു. ദുരന്തസമയങ്ങളിൽ മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും സഹായിക്കുകയെന്ന യു.എ.ഇയുടെ ദീർഘകാല മാനുഷിക നിലപാടിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാൾ സർക്കാരിനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അടിസ്ഥാന സൗകര്യങ്ങളും വഴികളും പൂർണമായി തകർന്നതിനാൽ ദുരിതബാധിത ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുന്നത് വലിയ വെല്ലുവിളിയാണെങ്കിലും, യു.എ.ഇ സംഘം തടസ്സങ്ങളെല്ലാം തരണം ചെയ്ത് ആശ്വാസനടപടികൾ തുടരുകയാണ്. തിരച്ചിൽ പ്രവർത്തനങ്ങൾക്ക് പുറമെ, ദുരന്തബാധിതർക്ക് ആവശ്യമായ മറ്റ് അടിയന്തര മാനുഷിക സഹായങ്ങളും യു.എ.ഇ ഉറപ്പാക്കുന്നുണ്ട്.

Tags:    
News Summary - UAE Search and Rescue Team in nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.