ഭാര്യയെ മറ്റൊരു പുരുഷന്‍റെ കാറില്‍ കണ്ടതിനെച്ചൊല്ലി തര്‍ക്കം; ഏഷ്യക്കാരനായ ഭര്‍ത്താവിന് 51,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി

അബൂദബി: ഭാര്യയെ മറ്റൊരു പുരുഷന്‍റെ കാറില്‍ കണ്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും കൈയാങ്കളിയിലും പരിക്കേറ്റ ഏഷ്യന്‍ സ്വദേശിക്ക് 51,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി കുടുംബ-സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി വിധിച്ചു. സാമ്പത്തിക, മാനസിക നഷ്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതി നഷ്ടപരിഹാരം നല്‍കേണ്ടത്.

സംഭവത്തില്‍ പരാതിക്കാരനായ ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. നേരത്തെ ക്രിമിനല്‍ കോടതിയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മർദനം, അനാചാരം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ടുമാസം തടവും ആകെ 30,000 ദിര്‍ഹം (മർദനത്തിന് 10,000 ദിര്‍ഹം, അനാചാരത്തിന് 20,000 ദിര്‍ഹം) പിഴയും വിധിച്ചിരുന്നു. എന്നാല്‍, തടവുശിക്ഷ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

ക്രിമിനല്‍ കോടതിയുടെ വിധിയോടെ പ്രതിയുടെ കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഉണ്ടായ ആഘാതങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്നും സിവില്‍ കോടതി വ്യക്തമാക്കി. ഭര്‍ത്താവിനുണ്ടായ വൈദ്യശാസ്ത്രപരമായ ചെലവുകള്‍, ശാരീരിക വേദന, മാനസിക ബുദ്ധിമുട്ടുകള്‍, അപമാനം എന്നിവ കോടതി കണക്കിലെടുത്തു. ദാമ്പത്യ ബന്ധത്തെയും സാമൂഹിക ആചാരങ്ങളെയും അനാദരിച്ച നടപടി കുടുംബത്തിന്‍റെ തകര്‍ച്ചക്കും മക്കളുടെ ഭാവി അവതാളത്തിലാക്കാനും കാരണമായെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 51,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും നല്‍കാന്‍ പ്രതിയോട് ഉത്തരവിട്ടത്.

Tags:    
News Summary - Court awards Asian husband Dh51,000 in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.