ദുബൈ: സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. സൈബർ കുറ്റവാളികൾക്കൊപ്പം ഹാക്കർമാരും ബ്ലാക്ക്മെയിൽ ചെയ്യുന്നവരും അടുത്ത ഇരയെ തേടി അലയുകയാണ്. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യർഥന സ്വീകരിക്കുകയും അവർക്ക് സ്വകാര്യ ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്യുന്നതിനു മുമ്പ് രണ്ടു തവണ ആലോചിക്കണമെന്നും പൊതുജനങ്ങൾക്കായി വ്യാഴാഴ്ച പുറത്തിറക്കിയ ഉപദേശക മുന്നറിയിപ്പിൽ അബൂദബി പൊലീസ് വ്യക്തമാക്കി.
അപരിചിതനായ ഒരാളിൽ നിന്നുള്ള സൗഹൃദാഭ്യർഥന ഒരു കാരണവശാലും സ്വീകരിക്കരുത്. കൂടാതെ, സമൂഹമാധ്യമങ്ങളിൽ എല്ലാവർക്കും ലഭിക്കുന്ന രീതിയിൽ സ്വകാര്യ ഫോട്ടോകൾ പങ്കുവെക്കരുത്. ഡേറ്റിങ് സൈറ്റുകൾക്കും ആപ്പുകൾക്കുമെതിരെ നിരന്തര ജാഗ്രത വേണം. ഇരകളെ കണ്ടെത്താൻ ഇത്തരം ആപ്പുകളും സൈറ്റുകളുമാണ് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നത്.
കുറ്റവാളികൾ ആവശ്യപ്പെട്ടത് നൽകിയില്ലെങ്കിൽ കവർച്ചക്കും ബ്ലാക്ക് മെയിലിങ്ങിനുമായി ഇരകളെ ഭീഷണിപ്പെടുത്തുന്നതിന് സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ച സ്വകാര്യ ഫോട്ടോകളും വിഡിയോകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചിലരിൽനിന്ന് പണവും മറ്റു ചിലരെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയുമാണ് രീതി. ആദ്യം ലൈവ് പ്രോഗ്രാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ലിങ്ക് അയക്കും. ഒരിക്കൽ ഇതിൽ ക്ലിക് ചെയ്താൽ നിങ്ങളുടെ ഫോട്ടോയും സ്വകാര്യ നിമിഷങ്ങളുടെ വിഡിയോയും ഇവർ കാമറയിൽ പകർത്തും. ഇതാണ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിനും പണം തട്ടുന്നതിനും ഉപയോഗിക്കുക.
ചതിക്കുഴികളിലേക്ക് നയിക്കുന്ന ഏഴ് പിഴവുകൾ:
1. സംശയകരമായ വെബ്സൈറ്റുകൾ സന്ദർശിക്കുക
2. സമൂഹമാധ്യമങ്ങൾക്ക് അടിപ്പെടുക
3. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന യുവാക്കളെ നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കളുടെ പരാജയം
4. ദുർബലമായ മതവിശ്വാസം
5. വ്യാജ ബന്ധങ്ങളിൽ വീണുപോകുക
6. വൈകാരികമായ ശൂന്യത അനുഭവിക്കുക
7. താൻ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ
രക്ഷപ്പെടാനുള്ള വഴി
ഇത്തരം ചതിക്കുഴികളിൽപ്പെടുന്നവർ ഭീഷണിക്ക് വഴങ്ങാതെ ഉറച്ചുനിൽക്കണം. ഒരു കാരണവശാലും പണം കൈമാറരുത്. പകരം ഉടൻ പൊലീസിന്റെ 24/7 അമാൻ സർവിസുമായി ബന്ധപ്പെടുക. അല്ലെങ്കിൽ 8002626 (അമാൻ2626) ടോൺ ഫ്രീ നമ്പറിൽ വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.