യു.എ.ഇ സൈന്യം (ഫയൽ)
രാഷ്ട്രത്തിന് അഭിമാനകരമായ ദിനമെന്ന് ശൈഖ് മുഹമ്മദ്
ദുബൈ: രാജ്യത്തിന്റെ സൈനിക ശക്തിയെയും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അതിന്റെ പങ്കിനെയും അനുസ്മരിച്ച് യു.എ.ഇ തിങ്കളാഴ്ച 48ാമത് സായുധസേന ഏകീകരണ ദിനം ആചരിക്കുന്നു.
1976 മേയ് ആറിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സായുധ സേനയെ ഒരു കേന്ദ്ര കമാൻഡിനും പതാകക്കും കീഴിൽ ഏകീകരിക്കുന്നതായ ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതിന്റെ അനുസ്മരണമായാണ് എല്ലാ വർഷവും മേയ് ആറിന് സായുധസേന ഏകീകരണ ദിനം ആചരിക്കുന്നത്.
സായുധ സേനയെ ഏകീകരിക്കാനുള്ള തീരുമാനം രാഷ്ട്രചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും യു.എ.ഇ ജനതയുടെ ഹൃദയത്തിൽ ഏറെ അഭിമാനകരമായ നിമിഷമാണെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രസ്താവിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മറ്റു സ്ഥാപക പിതാക്കന്മാരുടെ അചഞ്ചലമായ പിന്തുണയോടെ, നമ്മുടെ യൂനിയന്റെ ആണിക്കല്ല് സ്ഥാപിക്കുകയായിരുന്നു. ഒരു ശക്തമായ സായുധസേനയെ സ്ഥാപിക്കാനുള്ള യാത്രയുടെ ആരംഭമായിരുന്നു അത്.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും സ്ഥിരതക്കുമെതിരായ ഏത് ഭീഷണികളെയും നേരിടാൻ കഴിവുള്ള അഭേദ്യമായ കവചമായി അത് മാറിയിരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ആധുനിക സൈന്യങ്ങൾക്കിടയിൽ യു.എ.ഇ സായുധസേന ശരിയായ സ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും യു.എ.ഇ സായുധസേന ഏകീകരണ ദിനത്തോടനുബന്ധിച്ച് സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.