യു.എ.ഇ ഇന്ന്​ 5 മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞു

ദുബൈ: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ പ്രതിരോധം ശക്​തമാക്കി യു.എ.ഇ. ബുധനാഴ്ച വ്യോമ പ്രതിരോധ സംവിധാനം 5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇയുടെ വ്യോമ പ്രതിരോധം 438 ബാലിസ്റ്റിക് മിസൈലുകൾ, 19 ക്രൂസ് മിസൈലുകൾ, 2,012 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.

ആക്രമണങ്ങളിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നതിനിടെ 2 സായുധസേനാംഗങ്ങൾ വീരമൃത്യു വരിച്ചതിന്​ പുറമെ 9 സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ 190 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ബുധനാഴ്ച ഒരു മരണം കൂടിയാണ്​ രാജ്യത്ത്​​ റിപ്പോർട്ട്​ ചെയ്തത്​. ഫുജൈറയിലെ അൽ റിഫ പ്രദേശത്തെ ഒരു ഫാമിൽ ഡ്രോൺ അവശിഷ്ടം വീണ്​ ബംഗ്ലാദേശ് സ്വദേശിക്കാണ്​ ജീവഹാനി സംഭവിച്ചത്​. സംഭവമുണ്ടായ ഉടൻതന്നെ സ്ഥലത്തെത്തി അധികൃതർ രക്ഷാപ്രവർത്തനം നടത്തി. ഇതോടെ രാജ്യത്ത്​ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഭൂരിഭാഗം മരണങ്ങളും ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞപ്പോൾ വീണ അവശിഷ്ടങ്ങൾ മൂലമാണുണ്ടായത്​.

ഇതിനിടെ ഉമ്മുൽഖുവൈൻ എമിറേറ്റിലെ ഉമ്മുൽ ഥഊബ് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം ഡ്രോൺ ചീളുകൾ പതിച്ച്​ ഒരു ഇന്ത്യൻ പ്രവാസിക്ക് പരിക്കേറ്റു. സംഭവത്തിൽ അധികൃതർ അതി​വേഗത്തിൽ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ വിജയകരമായി തടഞ്ഞതായി ഉമ്മുൽഖുവൈൻ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. ജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ എല്ലാ നടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - UAE intercepts 5 missiles and 35 drones today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.