അബൂദബി: സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളില്‍ ആഗോള കേന്ദ്രമായി സ്ഥാനം ഉറപ്പിച്ച് അബൂദബി. സുസ്ഥിര വികസനവും സാമ്പത്തിക വൈവിധ്യവൽകരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുപ്രധാന പദ്ധതികളിലൂടെ അന്താരാഷ്ട്ര തലത്തില്‍ എമിറേറ്റിന്റെ സ്വാധീനം കൂടുതല്‍ ശക്തമാകുന്നതായി അബൂദബി സംസ്‌കാര വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി. അബൂദബി) അണ്ടര്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി വ്യക്തമാക്കി.
2025ല്‍ റെക്കോര്‍ഡ് നേട്ടമാണ് അബൂദബി വിനോദസഞ്ചാര മേഖല കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശക്തമായ വളര്‍ച്ചയോടെ 2.66 കോടി സന്ദര്‍ശകരാണ് എമിറേറ്റിലെത്തിയത്. വിദേശ മേഖലകളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടായി. ആതിഥേയ മേഖലയില്‍ ഹോട്ടല്‍ വരുമാനം 19.5 ശതമാനം ഉയര്‍ന്ന് 910 കോടി ദിര്‍ഹമിലെത്തി. കോണ്‍ഫറന്‍സുകളിലും സമ്മേളനങ്ങളിലുമായി 22 ലക്ഷം പേരും സാംസ്‌കാരിക, വിനോദ പരിപാടികളില്‍ 42 ലക്ഷം പേരും പങ്കെടുത്തു. ഇത് യഥാക്രമം 40, 20 ശതമാനം വീതം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അബൂദബി ടൂറിസം സ്ട്രാറ്റജി 2030ന്റെ വിജയമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഭാവി പദ്ധതികളില്‍ ഏറെ ആകര്‍ഷകമായ ‘അബൂദബി സ്ഫിയര്‍’, യാസ് ഐലന്‍ഡില്‍ 2029ഓടെ പൂര്‍ത്തിയാവും. അത്യാധുനിക മള്‍ട്ടി സെന്‍സറി അനുഭവം സമ്മാനിക്കുന്ന കൂറ്റന്‍ ഗോളാകൃതിയിലുള്ള കെട്ടിടത്തിന് പുറത്ത് ഇമാറാത്തി കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ, സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ട്, ഗുഗ്ഗന്‍ഹൈം അബൂദബി, ഡിസ്‌നി എന്റര്‍ടെയ്ന്‍മെന്റ് റിസോര്‍ട്ട്, ഹൗസ് ഓഫ് ആര്‍ട്ട് തുടങ്ങിയ ബൃഹത്തായ പദ്ധതികളും പുരോഗമിക്കുകയാണ്.
2029ലെ ലോകബാങ്ക് ഗ്രൂപ്, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) എന്നിവയുടെ വാര്‍ഷിക യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ അബൂദബി തിരഞ്ഞെടുക്കപ്പെട്ടത് എമിറേറ്റിനോടുള്ള ആഗോള വിശ്വാസ്യതയുടെ തെളിവാണ്.
അല്‍ ഐനിലെയും അല്‍ ദഫ്റയിലെയും പ്രകൃതിദത്ത -സാംസ്‌കാരിക സവിശേഷതകളെ ഉള്‍പ്പെടുത്തി സന്തുലിത ടൂറിസം വികസന തന്ത്രവും നടപ്പാക്കുന്നുണ്ട്. ആഗോള യാത്രാമേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കിടയിലും പ്രതിസന്ധികളെ അതിജീവിച്ച് മുന്‍കൂട്ടിയുള്ള ആസൂത്രണത്തിലൂടെയും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മുന്നേറാന്‍ അബൂദബിക്ക് സാധിച്ചതായി സഊദ് അല്‍ ഹൊസനി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.