വിദേശത്തുള്ള കായികതാരത്തിന്റെ വീട്ടിൽ മോഷണം; അഞ്ചുലക്ഷം ദിർഹമിന്റെ സാധനങ്ങൾ മൂന്നുമണിക്കൂറിനകം വീണ്ടെടുത്ത് ഷാർജ പൊലീസ്

ഷാർജ:. പരിശീലന ക്യാമ്പിനായി വിദേശത്തുപോയ പ്രമുഖ കായികതാരത്തിന്റെ വീട് കുത്തിത്തുറന്ന് ഏകദേശം അഞ്ചു ലക്ഷം ദിർഹം വിലമതിക്കുന്ന വസ്തുക്കൾ കവർന്ന പ്രതികളെ ഷാർജ പൊലീസ് മൂന്നു മണിക്കൂറിനകം പിടികൂടി. മോഷണവിവരം അറിയിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ്, മോഷ്ടിക്കപ്പെട്ട മുഴുവൻ സാധനങ്ങളും വീണ്ടെടുത്തു.

കായികതാരം രാജ്യത്തിന് പുറത്തായിരുന്ന സമയത്താണ് ഷാർജയിലെ അദ്ദേഹത്തിന്റെ വീട്ടിൽ മോഷണം നടന്നത്. വിവരം ലഭിച്ച ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തുകയുമായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഷാർജ പൊലീസ് അധികൃതർ വ്യക്തമാക്കി. വിദേശത്തേക്ക് യാത്ര പോകുന്നവരുടേത് ഉൾപ്പെടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംഘം നിരന്തരം പ്രവർത്തിക്കുന്നുണ്ട്.

യാത്ര തിരിക്കുന്നതിന് മുമ്പ് സ്വത്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു. വാതിലുകളും ജനലുകളും സുരക്ഷിതമായി പൂട്ടുക, സി.സി.ടി.വി കാമറകളും അലാറം സംവിധാനങ്ങളും സജ്ജീകരിക്കുക, യാത്രാ വിവരങ്ങളും പ്ലാനുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് മോഷണങ്ങൾ തടയാനും ആശങ്കകളില്ലാതെ യാത്രകൾ ആസ്വദിക്കാനും സഹായിക്കും.

Tags:    
News Summary - Robbery at the home of an overseas athlete; Sharjah Police recover items worth Dh500,000 within three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.