ഗസ്സയിലേക്ക് യു.എ.ഇ അയച്ച മെഡിക്കൽ സഹായങ്ങൾ
ദുബൈ: ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായി ഗസ്സ മുനമ്പിലെ ആരോഗ്യമേഖലക്ക് കൂടുതൽ മെഡിക്കൽ സഹായമെത്തിച്ച് യു.എ.ഇ. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുടെ സഹകരണത്തോടെയാണ് അടിയന്തര മെഡിക്കൽ സഹായങ്ങൾ ഉൾപ്പെട്ട കപ്പൽ ഗസ്സയിലേക്കയച്ചത്. ഗസ്സയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടുകയാണ് ലക്ഷ്യം. യുദ്ധമുഖത്തുള്ള ഗസ്സയിൽ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഗസ്സയിലെത്തിച്ച ഉപകരണങ്ങൾ ഇമാറാത്തി ഫീൽഡ് ആശുപത്രി വഴി വിതരണം ചെയ്യും.
വലിയ അളവിലുള്ള അത്യാവശ്യ മരുന്നുകളും സ്പെഷലൈസ്ഡ് പീഡിയാട്രിക് സുരക്ഷ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് മെഡിക്കൽ സഹായം. താൽക്കാലിക മെഡിക്കൽ യൂനിറ്റുകൾക്ക് വേണ്ടിയുള്ള 150 ബെഡുകൾ, ആറ് ടെന്റുകൾ എന്നിവയും സഹായവസ്തുക്കളിൽ ഉൾപ്പെടും. ഇസ്രായേൽ യുദ്ധത്തിൽ വലിയനാശം സംഭവിച്ചതും കൂടുതൽകാലം പ്രവർത്തനം നടത്താൻ കഴിയാത്തതുമായി ആശുപത്രികളിൽ സമ്മർദം കുറക്കാൻ യു.എ.ഇയുടെ സഹായം പിന്തുണയേകും. യുദ്ധത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും മരുന്ന് വിതരണത്തിലെ തടസ്സവും നിമിത്തം ഗസ്സയിലെ ആരോഗ്യസംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണ്. കുട്ടികൾ, പരിക്കേറ്റവർ, മാറാരോഗികൾ എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിന് രോഗികൾ എന്നിവർ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ആരോഗ്യരംഗത്ത് പിന്തുണ നൽകുന്നതിനാണ് ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭം മുൻഗണന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.