ദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനികളുടെ പട്ടികയിൽ യു.എ.ഇയിലെ കമ്പനികൾ മുന്നിൽ.
എയർലൈൻ റേറ്റിങ് ഡോട്ട്കോം പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിൽ ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് മൂന്നാം സ്ഥാനത്തും അബൂദബി ആസ്ഥാനമായ ഇത്തിഹാദ് അഞ്ചാം സ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.
എയർ ന്യൂസിലൻഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. എച്ച്.കെ എക്സ്പ്രസ് എന്ന കമ്പനിയാണ് ലോ കോസ്റ്റ് വിമാനക്കമ്പനികളിൽ ആദ്യസ്ഥാനം നേടിയത്. പട്ടികയിൽ ഖത്തർ എയർവേസിനൊപ്പമാണ് എമിറേറ്റ്സ് മൂന്നാം സ്ഥാനത്തുള്ളത്. ഫ്ലൈദുബൈയും ഷാർജ ആസ്ഥാനമായ എയർ അറേബ്യയും ലോ കോസ്റ്റ് വിമാനക്കമ്പനികളിൽ ഏറ്റവും സുരക്ഷിതമായവയുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
പട്ടികയിൽ ഫ്ലൈദുബൈ 11ാം സ്ഥാനത്തും എയർ അറേബ്യ 18ാം സ്ഥാനത്തുമാണുള്ളത്.പൈലറ്റുമാരുമായും വ്യോമയാന വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തുന്നതിനു പുറമെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഗുരുതരമായ സംഭവങ്ങൾ, വിമാനങ്ങളുടെ പ്രായം, വലിപ്പം, സംഭവങ്ങളുടെ നിരക്ക്, മരണനിരക്ക്, ലാഭക്ഷമത, ഐ.ഒ.എസ്.എ സർട്ടിഫിക്കേഷൻ, ഐ.സി.എ.ഒ കൺട്രി ഓഡിറ്റ് പാസ്, പൈലറ്റ് വൈദഗ്ധ്യവും പരിശീലനവും എന്നിവയാണ് റാങ്കിങ് നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
2018നും 2022നും ഇടയിൽ ആഗോളതലത്തിൽ വിമാനയാത്രയിൽ മരണസാധ്യത ഏകദേശം 1.37 കോടി പേരിൽ ഒരാൾക്ക് മാത്രമാണെന്ന് അടുത്തിടെ നടത്തിയ ഒരു എയർലൈൻ സുരക്ഷ പഠനത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം 2024 ഡിസംബറിൽ മാത്രം 200ലധികം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.