മഴക്കുശേഷം സർവിസ്​ പുനരാരംഭിച്ച ദുബൈ വിമാനത്താവളത്തിലെ ദൃശ്യം

മഴക്കെടുതി: യു.എ.ഇ പൂർവസ്ഥിതിയിലേക്ക്​

ദുബൈ: കനത്ത മഴ ദുരിതംവിതച്ച യു.എ.ഇയിൽ ജനജീവിതം പൂർവസ്ഥിതിയിലേക്ക്​ നീങ്ങുന്നു. കര, വ്യോമ, ട്രെയിൻ ഗതാഗത സംവിധാനങ്ങളെല്ലാം മിക്കതും വ്യഴാഴ്ച​ പുനരാരംഭിച്ചു​. എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനക്കമ്പനികൾ ചെക്ക് ഇൻ ആരംഭിച്ചിട്ടുണ്ട്​.

ദുബൈ വിമാനത്താവളം വെള്ളിയാഴ്ചയോടെ പൂർണമായും പൂർവസ്ഥിതിയിലാകുമെന്ന്​ അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് വ്യാഴാഴ്ച വരെ 1,244 വിമാനങ്ങളാണ് ദുബൈ വിമാനത്താവളത്തിൽ റദ്ദാക്കിയത്. 46 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഷാർജ വിമാനത്താവളത്തിൽനിന്ന് എയർ അറേബ്യ വിമാനങ്ങൾ കഴിഞ്ഞദിവസം പുലർച്ച നാലുമുതൽ സർവിസ് പുനരാരംഭിച്ചു. ദു​ബൈ, ഷാർജ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ്​ വ്യാഴാഴ്ച ദൃശ്യമായത്​.

റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുന്നുണ്ടെങ്കിലും റോഡ്​ ഗതാഗതം മിക്ക ഭാഗങ്ങളിലേക്കും പുനരാരംഭിച്ചിട്ടുണ്ട്​. ബസുകളും ടാക്സി സർവിസുകളും സാധാരണ നിലയിലേക്ക്​ എത്തിയിട്ടുണ്ട്​. എന്നാൽ, വെള്ളവും മണ്ണും കെട്ടിനിൽക്കുന്ന റോഡുകൾ താൽക്കാലികമായി അടച്ച്​ തടസ്സം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്​.

അതേസമയം, കനത്ത മഴയിൽ റോഡുകളിൽ ഡ്രൈവർമാർ ഉപേക്ഷിച്ച വാഹനങ്ങൾ പൂർണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ നടപടി സ്വീകരിച്ചുവരുകയാണ്​. രാജ്യത്ത്​ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക്​ സംഭവിച്ച കേടുപാടുകൾ പഠിക്കാനും പരിഹരിക്കാനും അധികൃതർക്ക്​ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ നിർദേശം നൽകി​.വ്യാഴാഴ്ചയും തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്​. ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ പ്രവാസികൾക്ക്​ വേണ്ടി പ്രത്യേകം ഹെൽപ്​ലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്​. വിവിധ മലയാളി കൂട്ടായ്മകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുന്നുണ്ട്​.

വിമാനത്താവളത്തിൽ കുടുങ്ങി നവവരനും

ദുരിതത്തിലായി എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ

ഷാർജ: ഷാർജയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടേക്ക് തിരിക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ വിമാനം പുറപ്പെട്ടത്​ 40 മണിക്കൂറിന്​ ശേഷം. രാവും പകലും വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച വിമാനത്തിൽ കയറ്റിയെങ്കിലും മണിക്കൂറുകളോളം പിന്നെയും കമ്പനി വിമാനം വൈകിപ്പിച്ചെന്ന്​ യാത്രക്കാർ പറഞ്ഞു.

വ്യാഴാഴ്ച വിവാഹിതനാകേണ്ട നവവരനും യാത്രക്കാരുടെ കൂട്ടത്തിൽ ദുരിതത്തിലായി. മലപ്പുറം വേങ്ങര സ്വദേശിയുടെ യാത്രയാണ്​ മുടങ്ങിയത്​. ഏപ്രിൽ 16ന് രാത്രി 11ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മഴക്കെടുതിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരും രാവും പകലും വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടുകയായിരുന്നു. യാത്ര വൈകിയത്​ മനസ്സിലാക്കാമെങ്കിലും എയർഇന്ത്യ എക്സ്​പ്രസ്​ നിരുത്തരവാദ സമീപനമാണ്​ സ്വീകരിച്ചതെന്ന്​ ഇവർ പരാതിപ്പെട്ടു.

ദുബൈയിലും ഷാർജയിലും മഴക്കെടുതിയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ബോർഡിങ് പാസ് കൈപ്പറ്റിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ പോലും തയാറായില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.

Tags:    
News Summary - UAE back to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.