ദുബൈ: ഫാർമസിയിൽനിന്ന് ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ മോഷ്ടിച്ച കേസിൽ രണ്ട് അറബ് പൗരൻമാർക്ക് ആറു മാസം തടവും 5,400 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി.
ദുബൈയിലെ ജുമൈറ വില്ലേജിലെ ഫാർമസിയിലായിരുന്നു മോഷണം. രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരി മുൻഭാഗത്തുള്ള പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷെൽഫിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഇവരാണ് ദുബൈ പൊലീസ് മോഷണം റിപോർട്ട് ചെയ്തത്. പരിസരത്തെ സി.സി ടിവി പരിശോധിച്ച പൊലീസ് അർധരാത്രി രണ്ട് പേർ ബലമായി ഷോപ്പിന്‍റെ ഡോർ തുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യ പ്രതിയെ മോഷ്ടിച്ച മരുന്നുകളുമായി പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ പ്രതിയെ പൊലീസ് പിടികൂടുന്നത്. പക്ഷെ, ഇയാൾ കുറ്റം നിഷേധിച്ചു. എങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.