ട്വന്‍റി-20 ലോകകപ്പ്; പ്രതീക്ഷയോടെ യു.എ.ഇ നാളെ ഇറങ്ങുന്നു

ദുബൈ: ട്വന്‍റി-20 ലോകകപ്പിന് ഞായറാഴ്ച ആസ്ട്രേലിയയിൽ തുടക്കമാകുമ്പോൾ പ്രതീക്ഷയും പ്രാർഥനകളുമായി യു.എ.ഇ. ചെറിയ ടീമുകളുടെ പ്രാഥമിക റൗണ്ടിലാണ് യു.എ.ഇ കളിക്കുന്നത്. ഈ റൗണ്ടിൽ വിജയംവരിച്ച് വമ്പൻമാരുടെ റൗണ്ടായ സൂപ്പർ 12ലേക്ക് ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഞായറാഴ്ച നെതർലൻഡ്സിനെതിരെ യു.എ.ഇ പാഡ് കെട്ടുന്നത്. ഉച്ചക്ക് 12നാണ് മത്സരം. ആദ്യമായി മലയാളി നായകന് കീഴിൽ ഒരു ടീം ലോകകപ്പ് കളിക്കാൻ പോകുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കണ്ണൂർ തലശ്ശേരി സ്വദേശി റിസ്വാൻ റഊഫാണ് ടീമിനെ നയിക്കുന്നത്.

കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ യു.എ.ഇക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡിസിനെ 152 റൺസിൽ യു.എ.ഇ ഒതുക്കി. 13 റൺസിന് അഞ്ച് വിക്കറ്റെടുത്ത പേസർ ജുനൈദ് സിദ്ദീഖായിരുന്നു കരീബിയൻ പടയെ എറിഞ്ഞുടച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 17 റൺസ് അകലെ ഇടറിവീണു. 69 റൺസെടുത്ത മുഹമ്മദ് വസീമിനും 29 റൺസെടുത്ത സവാർ ഫരീദിനും മാത്രമേ തിളങ്ങാനായുള്ളു. വിൻഡീസ് പോലെ മികച്ച ടീമിനെതിരെ പോരാട്ടവീര്യം കാഴ്ചവെച്ചത് അടുത്ത മത്സരങ്ങളിൽ ടീമിന് തുണയാകും. യു.എ.ഇ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടിരുന്നു. ഏഷ്യകപ്പ് പ്രാഥമിക റൗണ്ടിൽ കുവൈത്തിനെതിരെ മാത്രമാണ് ജയിക്കാനായത്. എന്നാൽ, അടുത്തിടെ ബംഗ്ലാദേശിനെതിരെ നടന്ന രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് ടീമിന് ആശ്വാസമാണ്. റിസ്വാന് പുറമെ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ താരങ്ങളും മലയാളികളാണ്.

മറുവശത്ത്, നെതർലൻഡ്സും അത്ര മോശം ടീമല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവിയും രണ്ട് ജയവുമാണ് അവർ നേടിയത്. എ ഗ്രൂപ്പിൽ നെതർലൻഡ്സിനും യു.എ.ഇക്കും പുറമെ ശ്രീലങ്ക, നമീബിയ ടീമുകളാണുള്ളത്. ഇതിൽ രണ്ട് ടീമുകൾ സൂപ്പർ 12ൽ യോഗ്യത നേടും. ഇവിടെയാണ് ഇന്ത്യ അടക്കം വമ്പന്മാർ അണിനിരക്കുന്നത്. യു.എ.ഇയുടെ അടുത്ത മത്സരം 18ന് ശ്രീലങ്കക്കെതിരെയാണ്. 20ന് നമീബിയയെ നേരിടും. പുതിയ ജഴ്സിയിലാണ് ടീം കളിക്കാനിറങ്ങുന്നത്. മുകൾ ഭാഗം മജന്തയും താഴെ നീല നിറവുമുള്ള ജഴ്സിയാണ് ടീം ലോകകപ്പിൽ അണിയുക. പഴയ ലോഗോയിൽനിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. യു.എ.ഇ ടീമിന്‍റെ ആസ്ട്രേലിയയിൽനിന്നുള്ള വിഡിയോ ഐ.സി.സി പങ്കുവെച്ചിരുന്നു.

Tags:    
News Summary - Twenty20 World Cup; Hoping to land in the UAE tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.