അബൂദബി: ഗുളിക രൂപത്തിലാക്കി കൊക്കെയ്ന്‍ വിഴുങ്ങി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചയാള്‍ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. 89 ഗുളികകളായി 1198 ഗ്രാം കൊക്കെയ്നാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്. പിടികൂടിയ കൊക്കെയ്ന്‍ അന്താരാഷ്ട്ര വിപണയില്‍ 50 ലക്ഷം ദിര്‍ഹം വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.എ.പി.സി)യിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് അധികൃതരാണ് മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.
തെക്കേ അമേരിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികന്റെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ സംശയാസ്പദ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനുശേഷം വയറ്റില്‍നിന്ന് ക്യാപ്സ്യൂളുകള് പുറത്തെടുക്കുകയായിരുന്നു.
കാര്യക്ഷമതയോടെ ജോലി നിർവഹിച്ച ഇൻസ്പെക്ടർമാരെ അതോറിറ്റി പ്രശംസിക്കുകയും പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുമെന്ന് വീണ്ടും വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും പൊതുസുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിശാലമായ ദേശീയ ശ്രമങ്ങളുടെ ഭാഗമായി, മയക്കുമരുന്ന് കടത്തുന്നതടക്കമുള്ള നിയമലംഘനങ്ങൾ നടത്താൻ ശ്രമിക്കുന്നവരെ തടയേണ്ടത് പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മറ്റൊരു യാത്രികനില്‍നിന്ന് അഞ്ചുകിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടികൂടിയിരുന്നു. ബാഗേജില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയില്‍ യാത്രക്കാരന്റെ ബാഗേജില്‍ സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിൽ സംശയാസ്പദ വസ്തുവുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കണ്ടെത്തുന്നതില്‍ പരിശീലനം തേടിയിട്ടുള്ള കസ്റ്റംസ് നായ്ക്കളെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.