ഷാര്‍ജ: നാട്ടില്‍ നിന്ന് വരുന്നവരുടെ കൈവശം മരുന്നുകള്‍ കൊടുത്ത് വിടുന്ന പതിവ് വ്യാപകമാണ്. ഡോക്ടറുടെ കുറിപ്പടിയും മരുന്ന് ബില്ലും കൂടെയുണ്ടെങ്കിൽ പരോപകാരമല്ലേ എന്നു കരുതി പലരും മടിയേതുമില്ലാതെ മരുന്നുകൾ കൊണ്ടു വരാറുമുണ്ട്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് യു.എ.ഇയില്‍ മയക്ക് മരുന്നിെൻറ പട്ടികയില്‍പ്പെടുത്തി നിരോധിച്ച ട്രമഡോള്‍ ഗുളികകള്‍ സാധാരണക്കാരായ പ്രവാസികളുടെ സൻമനസിനെ ചൂഷണം ചെയ്ത് ഇന്ത്യയില്‍ നിന്ന് കടത്തുന്നതായി സൂചനയുണ്ട്. ഇന്ത്യയില്‍ വ്യാപകമായി ലഭിക്കുന്നതും കൊണ്ടും വിലയിലെ കുറവും മറ്റ് രാജ്യങ്ങളിലേക്ക് എത്തിച്ചാല്‍ ലഭിക്കുന്ന വലിയ ലാഭവുമാണ് എജൻറുമാര്‍ക്ക് ഉത്തേജനം പകരുന്നത്. ഇന്ത്യയില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഈ മരുന്ന് ഉപയോഗിക്കരുതെന്ന കര്‍ശന നിയമമുണ്ട്.
ഇന്ത്യയില്‍ ഏകദേശം 150 കമ്പനികള്‍ വിവിധ പേരുകളില്‍ ട്രമഡോള്‍ ഗുളികകള്‍ നിര്‍മിക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ട്രമഡോള്‍ യു.എ.ഇയിലേക്ക് വരുന്നത് അധികൃതര്‍ തടഞ്ഞതോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എജൻറുമാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍ മാര്‍ഗമായിരുന്നു യു.എ.ഇയിലേക്ക് ഇതിെൻറ വരവ്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഈ മരുന്നിെൻറ ദുരുപയോഗം കണ്ടെത്തിയതോടെയാണ് അധികൃതര്‍ ശക്തമായ നീക്കത്തിലൂടെ ഇതിനെ ചെറുത്തത്. മയക്ക് മരുന്ന് ലോബിയുടെ ചതി മനസിലാക്കാത്ത സാധാരണക്കാരെ ഉപയോഗിച്ച് മരുന്ന് കടത്തുന്ന ഗൂഢസംഘങ്ങൾ ഇതിനിടയിലും വലവിരിക്കുകയാണ്. സൗജന്യ വിമാന ടിക്കറ്റ്, മൊബൈല്‍ ഫോണ്‍ പോലുള്ള ഗിഫ്റ്റുകള്‍, പണം എന്നിവ നൽകി പ്രലോഭിപ്പിക്കുന്നുമുണ്ട്. നാട്ടില്‍ നിന്ന് അച്ചാര്‍ കുപ്പിയില്‍ വരെ കഞ്ചാവ് ഗള്‍ഫിലേക്ക് കൊടുത്ത് വിടുന്നത് വലിയ വാര്‍ത്ത ആയതിനെ തുടര്‍ന്ന്, ആ രംഗത്തെ ചതി പ്രവാസികള്‍ക്ക് മനസിലായിട്ടുണ്ട്.
എന്നാല്‍ മരുന്നു കടത്തിെൻറ പിന്നിലെ ചതി ഇനിയും പലരും തിരിച്ചറിഞ്ഞിട്ടില്ല. ഈ മരുന്ന് കൈവശം വെച്ചതിന് പിടിക്കപ്പെട്ട നിരവധി ഇന്ത്യക്കാര്‍ യു.എ.ഇ ജയിലുകളിലുണ്ട്. ഇന്ത്യയില്‍ നിന്നു കയറ്റി അയച്ച 2.4 കോടി ട്രമഡോള്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തത് വലിയ വാര്‍ത്തയായിരുന്നു. മയക്ക് മരുന്ന് കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ ഗള്‍ഫില്‍ വര്‍ഷങ്ങളോളം അഴി എണ്ണേണ്ടിവരുമെന്നും വധശിക്ഷ പോലും ലഭിച്ചേക്കുമെന്നതും ഏവരും ഒാർത്തിരിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.