തുംബൈ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയർ, ഡാറ്റാവീവ് ടെക്നോളജീസുമായി ധാരണപത്രം ഒപ്പുവെക്കുന്നു
ദുബൈ: ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ(ജി.എം.യു) ഭാഗമായ തുംബൈ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയർ, ആഗോളതലത്തിൽ ശ്രദ്ധേയമായ നിർമിതബുദ്ധി സ്ഥാപനമായ ഡാറ്റാവീവ് ടെക്നോളജീസുമായി ധാരണപത്രം ഒപ്പുവച്ചു. ജി.എം.യു ചാൻസലർ പ്രഫ. മണ്ട വെങ്കട്രമണ, കോളജ് ഡീൻ പ്രഫ. അമീർ സെയ്ദ്, ഡാറ്റാവീവ് പ്രതിനിധികൾ എന്നിവർ ചേർന്നാണ് കരാർ ഔപചാരികമായി ഒപ്പുവച്ചത്.
സഹകരണം എ.ഐ അധിഷ്ഠിത ആരോഗ്യവിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കരാറിന്റെ ഭാഗമായി ജി.എം.യുയിൽ ഡാറ്റാവീവ് എ.ഐ ലാബുകൾ സ്ഥാപിക്കും. ഇതിലൂടെ മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ, ജനറേറ്റീവ് എ.ഐ, ഡാറ്റ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കും.
കൂടാതെ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് ഭാവി മുന്നിൽകണ്ട് പാഠ്യപദ്ധതി സംയുക്തമായി രൂപകൽപ്പന ചെയ്യുകയും ആരോഗ്യരംഗത്തെ ഡയഗ്നോസ്റ്റിക്സ്, പ്രവചന സംവിധാനങ്ങൾ, ബുദ്ധിപരമായ ഓട്ടോമേഷൻ തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. വിദ്യാർഥികൾക്കായി മെന്റർഷിപ്പ്, ഇന്റേൺഷിപ്പ്, ഇന്നൊവേഷൻ ചാലഞ്ചുകൾ എന്നിവയും ഈ കരാറിന്റെ ഭാഗമാണ്. ഇതിലൂടെ ജി.എം.യുയും തുംബൈ കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയറും മേഖലയിലെ എ.ഐ ഇന്റഗ്രേറ്റഡ് ആരോഗ്യവിദ്യാഭ്യാസത്തിൽ മുൻനിരസ്ഥാനത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.