ഷാർജ: സ്ത്രീകൾക്ക് മാത്രമായി ബീച്ച് ആസ്വാദനത്തിന് ഷാർജയിൽ പ്രത്യേക സൗകര്യം ഒരുങ്ങുന്നു. അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് ആസ്വാദിക്കാനും ഉല്ലസിക്കാനുമായി പ്രത്യേക ഇടം ഒരുക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
സ്ത്രീകൾക്ക് ഉയർന്ന നിലവാരത്തിലുള്ള സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് സുഗമമായി ബീച്ച് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടാതെ അൽ മദ മരുഭൂമിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ മണൽ മൂടിയ ഗ്രാമം (ബറീഡ് വില്ലേജ്) സംരക്ഷിച്ച് വിനോദ സഞ്ചാരികൾക്കായി ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഷാർജ വാർത്താവിതരണ മന്ത്രാലയത്തിന്റെ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് സുൽത്താൻ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ഷാർജ സർക്കാർ ജീവനക്കാർക്കുള്ള ഗഡുക്കളായി അടക്കുന്ന ഭവന വായ്പ പദ്ധതിയിൽ ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതുവഴി മറ്റ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പോലെ ഭവന വായ്പയുടെ ഗഡുക്കൾ സർക്കാർ അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.