ദുബൈ: ഈ വർഷം ജനുവരി മുതൽ ജൂൺ വരെ നടത്തിയ പരിശോധനയിൽ 13,00ഓളം വ്യാജ തൊഴിൽ സ്ഥാപനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഏതാണ്ട് 18,00 ഉടമകളുടെ പേരിലുള്ളതാണ് ഈ സ്ഥാപനങ്ങൾ. ലൈസൻസ് പ്രകാരമുള്ള യാതൊരു വിധ പ്രവർത്തനങ്ങളും ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുണ്ടെങ്കിലും ഇവർക്ക് യഥാർഥത്തിൽ തൊഴിലുണ്ടായിരുന്നില്ല. പുതിയ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള യോഗ്യത താൽക്കാലികമായി റദ്ദാക്കുക, 34 ദശലക്ഷം ദിർഹത്തിലധികം പിഴ, സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ റേറ്റിങ് സംവിധാനത്തിൽ മൂന്നാമത് വിഭാഗത്തിലേക്ക് തരം താഴ്ത്തുക എന്നിവയുൾപ്പെടെയുള്ള ഭരണപരമായ ഏഴ് നിയമ നടപടികൾ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയത്തിന്റെ സംവിധാനത്തിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഇത്തരം സ്ഥാപനങ്ങളെ തടഞ്ഞിരിക്കുകയാണ്.
ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ലഭ്യമായ സൂചനകൾ അനുസരിച്ച് അത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിലും സ്മാർട്ട് മോണിറ്ററിങ്, പരിശോധന സംവിധാനങ്ങളാണ് മന്ത്രാലയം ഉപയോഗിക്കുന്നത്.
നിയമലംഘനങ്ങളെ കുറിച്ചും തൊഴിൽ വിപണിയിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും തൊഴിലുടമകളും സമൂഹവും ബോധവാന്മാരാണെന്ന് ആത്മവിശ്വാസമുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.