ഫ്രാഗ്രൻസ് വേൾഡ് 150 രാജ്യങ്ങളിലെത്തിയതിന്റെ ആഘോഷ ചടങ്ങിൽ നടൻ മമ്മൂട്ടി സംസാരിക്കുന്നു. ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസ സമീപം
ദുബൈ: മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ഫ്രാഗ്രൻസ് വേൾഡ് 150 രാജ്യങ്ങളിലെത്തിയതിന്റെ ആഘോഷങ്ങൾ ദുബൈ എക്സ്പോ സിറ്റിയിൽ അരങ്ങേറി. ആഘോഷ ചടങ്ങിൽ നടൻ മമ്മൂട്ടിയടക്കം പ്രമുഖർ പങ്കെടുത്തു. ഫ്രാഗ്രൻസ് വേൾഡ് ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചറോടുകൂടിയ ഡ്രോൺ ഷോയിലൂടെ ആഘോഷ ലോഗോ അനാവരണം ചെയ്തു. സി.ഇ.ഒ പി.വി സലാം, ജോയിന്റ് സി.ഇ.ഒ പി.വി സഫീൻ, ലബീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പോളണ്ട് മൂസയുടെ ജീവിതകഥ ആസ്പദമാക്കിയ ‘കുഞ്ഞോൻ’ ഡോക്യൂ-ഫിക്ഷൻ സിനിമയുടെ ആദ്യപ്രദർശനം മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നടന്നു. സിനിമ സംവിധാനം നിർവഹിച്ചത് ജീവൻ ജോസാണ്. കൂടാതെ സെബിൻ പൗലോസ് രചിച്ച ‘ഫ്രാഗ്രൻസ് ഓഫ് ലഗസി’ എന്ന ജീവചരിത്ര പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽ അരങ്ങേറി.
150ലധികം രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാർ, ദുബൈയിലെ പ്രമുഖ ബിസിനസ് പ്രമുഖർ, സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ 2,000ത്തിലധികം പേർ ആഘോഷത്തിൽ പങ്കെടുത്തു. ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്ത പരേഡും നടന്നു. ദീർഘകാല സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും ഏഴ് കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2004ൽ ആരംഭിച്ച ഫ്രാഗ്രൻസ് വേൾഡ് ഇന്ന് ആയിരക്കണക്കിന് തൊഴിലാളികളും ആയിരക്കണക്കിന് പെർഫ്യൂം വകഭേദങ്ങളുമായി ലോക സുഗന്ധ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.