അബൂദബി: ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഡാറ്റാസെന്ററിന്റെ ആദ്യഘട്ടം അബൂദബിയിൽ 2026ല്‍ പ്രവര്‍ത്തനസജ്ജമാവും. കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തിനിടെ പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ–യു.എസ് എ.ഐ കാമ്പസിലാണ് ‘സ്റ്റാർഗേറ്റ് യു.എ.ഇ’ സ്ഥാപിക്കുന്നത്. എ.ഐ ട്രെയ്നിങ് മോഡലുകള്‍ക്കു വേണ്ടി വ്യാപകമായി ഉപയോഗിച്ചുവരുന്ന ‘എന്‍വിഡിയ’യുടെ ഒരുലക്ഷം ചിപ്പുകളായിരിക്കും ആദ്യഘട്ടത്തില്‍ യു.എ.ഇയിലെ ഡാറ്റാ സെന്ററില്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. എ.ഐ കാമ്പസില്‍ 26 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയിലാണ് 5 ജിഗാവാട്ട് ഡാറ്റാ സെന്ററുകളൊരുങ്ങുക.
ഇതിന്റെ ആദ്യഘട്ടത്തില്‍ 1 ജിഗാവാട്ട് സ്റ്റാർഗേറ്റ് യു.എ.ഇ പദ്ധതി നടപ്പാക്കും. ജി42, യു.എസ് കമ്പനികളായ ഓപണ്‍ എ.ഐ, ഒറാകിള്‍, എന്‍വിഡിയ, സിസ്കോ, ജാപനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് എന്നിവ സഹകരിച്ചാണ് സ്റ്റോറേജ് യു.എ.ഇ പദ്ധതി വികസിപ്പിക്കുന്നത്. എന്‍വിഡിയയുടെ ഏറ്റവും നൂതനമായ എ.ഐ സെര്‍വറായ ഗ്രേസ് ബ്ലാക് വെല്‍ ജിബി 300 ആണ് സ്റ്റോറേജ് യു.എ.ഇയുടെ സെര്‍വര്‍.
200 മെഗാവാട്ട് ശേഷിയുള്ള സെന്റര്‍ 2026ല്‍ പ്രവര്ത്തസജ്ജമാവുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റ ലോകത്തിലെ ഏറ്റവും നൂതനമായ എ.ഐ മോഡലുകളുമായി ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധ്യമാവുമെന്നും ഒറാക്കിളിന്റെ ചീഫ് ടെക്നോളജി ഓഫിസറും ചെയര്‍മാനുമായ ലാരി ഇലിസന് പറഞ്ഞു. എ.ഐ സേവനം രാജ്യവ്യാപകമായി വാഗ്ദാനം ചെയ്ത് ഊര്‍ജം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ സര്‍ക്കാര്‍ ഏജന്‍സികളെ സംയോജിപ്പിക്കുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറും. എല്ലാ യു.എ.ഇ നിവാസികള്‍ക്കും ചാറ്റ് ജിപിറ്റി-പ്ലസ് സബ്സ്ക്രിപ്ഷനുകള്‍ ലഭിക്കും. ആണവോര്‍ജം, സൗരോര്‍ജം, പ്രകൃതിവാതകം മുതലായവ നല്കുന്ന ഉപയോഗിച്ചാണ് എ.ഐ ഡാറ്റാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതു പ്രവര്‍ത്തന സജ്ജമാവുന്നതോടെ മുമ്പ് നിര്‍മിച്ച എല്ലാ ഓപണ്‍ എ.ഐ കേന്ദ്രത്തെയും വലിപ്പത്തിന്റെ കാര്യത്തില്‍ പിന്തള്ളും.
എ.ഐ മേഖലയിലെ ധീരമായ കുതിച്ചുചാട്ടമാണ് ഈ സംരംഭമെന്നും യു.എ.ഇ അതില്‍ സുപ്രധാന പങ്കുവഹിക്കുന്നുവെന്നും ഓപണ്‍ എ.ഐ സി.ഇ.ഒ സാം ആല്‍ട്ട്മാന്‍ പറഞ്ഞു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തിൽ അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് തുറക്കാനാണ് ധാരണയായിരുന്നു. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ കാമ്പസായിരിക്കുമിത്. ഇതിന്റെ ആദ്യഘട്ടം ട്രംപും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്.
നേരത്തെ തന്നെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ മുന്നേറ്റം യു.എ.ഇ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അതിവേഗത്തിൽ സ്വീകരിക്കുന്ന രാജ്യത്ത് വിവിധ മേഖലകളിൽ എ.ഐ നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ വിദ്യഭ്യാസത്തിന്റെ കെ.ജി മുതൽ 12ാംക്ലാസ് വരെയുള്ള തലങ്ങളിൽ എ.ഐ ഉൾപ്പെടുത്തുമെന്ന് ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപനം പുറത്തുവന്നിരുന്നു. പുതിയ എ.ഐ കാമ്പസ് കൂടി നിലവിൽ വരുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നിർമ്മിതബുദ്ധി കേന്ദ്രമായി രാജ്യം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.