ഷാർജ: രൂപകൽപനയാലും മനോഹാരിതയാലും അതിശയം നിറച്ച നിരവധി ആഭരണങ്ങളുടെ പ്രദർശനത്തിന് സാക്ഷ്യംവഹിച്ച 55ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിലീസ്റ്റ് ഷോ സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിൽ ഞായറാഴ്ച സമാപിച്ച മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 500ൽ ഏറെ പ്രദർശകരാണ് പങ്കെടുത്തത്.
ആഭരണ, വാച്ച് വ്യവസായങ്ങളുടെ ഒരു പ്രമുഖ പ്രാദേശിക, ആഗോള ലക്ഷ്യസ്ഥാനമായി വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ സ്ഥാനം ഉറപ്പിക്കുന്നത് തുടരുകയാണെന്ന് ഷാർജ എക്സ്പോ സെന്റർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. ഈ വർഷത്തെ ഇമാറാത്തി വനിതാ ഡിസൈനർമാരുടെ ശ്രദ്ധേയമായ സാന്നിധ്യത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 20 ഇമാറാത്തി വനിതാ ഡിസൈനർമാർ രൂപകൽപന ചെയ്ത ആഭരണങ്ങൾ ഇത്തവണ പ്രദർശനത്തിനുണ്ടായിരുന്നു.
പ്രദർശനത്തിൽ നിരവധി അപൂർവ സ്വർണാഭരണങ്ങൾ, ആഡംബര വാച്ചുകൾ, സിഗ്നേച്ചർ ഡയമണ്ട് ശേഖരങ്ങൾ എന്നിവയും സ്ഥാനംപിടിച്ചിരുന്നു. യു.എ.ഇക്ക് പുറമെ, ഇന്ത്യ, ഇറ്റലി, യു.കെ, അമേരിക്ക, സിംഗപ്പൂർ, ചൈന, ജപ്പാൻ, തുർക്കി, സൗദി അറേബ്യ, ബഹ്റൈൻ, ലബനാൻ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന പ്രമുഖ ബ്രാൻഡുകളും ഡിസൈനർമാരും പ്രദർശനത്തിനെത്തി. വളരെയധികം സന്ദർകരെ ആകർഷിക്കാറുള്ള ഷോയിൽ റഷ്യ, മെക്സിക്കോ, താൻസനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇത്തവണ ആദ്യമായി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
708ചതുരശ്ര മീറ്റർ സ്ഥലത്ത് തയാറാക്കിയിരിക്കുന്ന ഇറ്റാലിയൻ പവിലിയനാണ് ഏറ്റവും ശ്രദ്ധേയമായത്. 50 പ്രദർശകർ ഈ പവിലിയനിലുണ്ടായിരുന്നു. സ്വർണം പൂശിയ 36.7ലക്ഷം ദിർഹം വിലയുള്ള കാർ അടക്കം ഇത്തവണത്തെ മേളയിൽ ഏറെ ആകർഷകമായ കാഴ്ചകളുണ്ടായിരുന്നു. ജാപ്പനീസ് കലാകാരനായ തകാഹിക്കോ ഇസാവയും കുഹൽ റേസിങ് കമ്പനിയുമാണ് കാർ നിർമിച്ചത്. കാറിന്റെ ബോഡി മുഴുവനും 24 കാരറ്റ് സ്വർണമാണ് പൂശിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.