ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ അ​ജ്​​മാ​നി​ൽ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ന്ന​വ​ർ

ഇറാനിലെ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയിലും

ദുബൈ: തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെ രണ്ട് തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഇറാനിലെ ഭൂചലനത്തിന്‍റെ പ്രതിഫലനമെന്നോണമാണ് ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ജനങ്ങൾ ഭയന്ന് വീടുവിട്ടിറങ്ങി. പൊലീസെത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചത്. യു.എ.ഇയടക്കം ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തുടർചലനം അനുഭവപ്പെട്ടതാണ് പ്രവാസികളടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്ന് കിടക്കുന്ന ഹോര്‍മോസ്ഖാന്‍ പ്രവിശ്യയിലെ ബന്ദറെ ഖാമിർ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ 1.32നാണ് ആദ്യ ഭൂചലനമുണ്ടായത്. അതിന്‍റെ പ്രകമ്പനമാണ് സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ ഭൗമപഠനകേന്ദ്രം (എൻ.സി.എം) സ്ഥിരീകരിച്ചു.

വിളക്കുകളും കട്ടിലുകളും കസേരകളും മറ്റ് ഉപകരണങ്ങളുമൊക്കെ ഇളകാൻ തുടങ്ങിയതോടെ പലരും പേടിച്ച് കെട്ടിടങ്ങൾ വിട്ട് അർധരാത്രി പുറത്തേക്ക് ഇറങ്ങി. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഭൂചലനം അനുഭവപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. തങ്ങൾ കിടന്നുറങ്ങുകയായിരുന്നെന്നും ലൈറ്റുകൾ ഇളകിയാടുകയും കട്ടിലുകൾ കുലുങ്ങുകയും ചെയ്തതോടെ പാസ്പോർട്ടും മറ്റ് അവശ്യ സാധനങ്ങളുമെടുത്ത് താമസസ്ഥലത്തു നിന്ന് പുറത്തേക്ക് വരുകയായിരുന്നെന്നും അജ്മാനിലെ പ്രവാസികളായ ജിഷ്ണു, അഷ്റഫ്, ബവിൻ ബാലൻ, നസീർ, ഷാൻ തുടങ്ങിയവർ പറഞ്ഞു.

ഭയപ്പെടേണ്ടതില്ലെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് എല്ലാവരും തിരികെ വീടുകളിലേക്ക് പോയി. എങ്കിലും പുലർച്ചെ 3.24 ഓടെ തുടർ ചലനമുണ്ടായതോടെ പരിഭ്രാന്തരായി വീണ്ടും പുറത്തിറങ്ങി. ഈ രണ്ട് ഭൂകമ്പങ്ങൾക്കും ഇടയിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.43നും 4.4 രേഖപ്പെടുത്തിയത് പുലർച്ചെ 3.13നും അനുഭവപ്പെട്ടതായി എൻ.സി.എം സ്ഥിരീകരിച്ചു. ഭൂചലനത്തിൽ ഇറാനിൽ അഞ്ചുപേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.   

Tags:    
News Summary - strong earthquake in Iran also hit the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.