ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങളെ ചെറുചിരിയോടെ വരവേൽക്കാൻ ബിലാൽഭായി കാത്തിരിപ്പുണ്ടായിരുന്നു. അയാളുടെ ശ്രദ്ധയും കരുതലും കാശ്മീരിന്റെ കഥകളും ചരിത്രം പങ്കുവെക്കലും യാത്രയെ കൂടുതൽ ഹൃദ്യവും വിജ്ഞാനപ്രദവുമാക്കി
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു കുടുംബുമൊത്തുള്ള ഭൂമിയിലെ സ്വർഗമായ കശ്മീരിലേക്കുള്ള യാത്ര. പ്രിയതമനൊപ്പം പൊന്നോമനയും ഉമ്മിയും ഒപ്പമുണ്ടായിരുന്നുവെന്നത് യാത്രയുടെ മനോഹാര്യത കൂട്ടി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം പറയുന്നരുമ്പോൾ ഹൃദയത്തിന് ചിറക് മുളച്ച അനുഭൂതിയായിരുന്നു. പുതിയ കാഴ്ചകൾ കാണാനുള്ള മനസിന്റെ ആഗ്രഹം ഓരോ ശ്വാസത്തിലും നിഴലിച്ചിരുന്നു. കണ്ണൂരിൽനിന്ന് കശ്മീരിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ഇല്ലാത്തതിനാൽ ഡൽഹിയിൽനിന്ന് വേണം ശ്രീനഗറിലേക്കുള്ള വിമാനം കയറാൻ.
ഏതാണ്ട് നാല് മണിക്കൂർ സഞ്ചരിച്ചാണ് വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. അവിടെ ചെറിയൊരു ഇടവേള. അതിനിടെ തലസ്ഥാനത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വിമാനത്താവളത്തിന്റെ അകം കാഴ്ചകൾ ആസ്വദിച്ചു. പിന്നീട് വീണ്ടും വിമാനം ഉയർന്നു, നേരെ ശ്രീനഗറിലേക്ക്. മഞ്ഞുമേഘങ്ങളെ വകഞ്ഞുമാറ്റി വിമാനം ആകാശത്തേക്ക് പറന്നുപൊങ്ങുമ്പോൾ താഴേ പ്രകൃതി കാഴ്ചകളുടെ മായാജാലം തീർക്കുന്നുണ്ടായിരുന്നു. മഞ്ഞും മലയും അരുവികളുമൊക്കെയായി സിനിമകളിലും പുസ്തകങ്ങളിലും കേട്ടതിനെക്കാൾ ഏറെ മനോഹരമായ കാഴ്ചകൾ. ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങളെ ചെറുചിരിയോടെ വരവേൽക്കാൻ ബിലാൽഭായി കാത്തിരിപ്പുണ്ടായിരുന്നു. അയാളുടെ ശ്രദ്ധയും കരുതലും കാശ്മീരിന്റെ കഥകളും ചരിത്രം പങ്കുവെക്കലും യാത്രയെ കൂടുതൽ ഹൃദ്യവും വിജ്ഞാനപ്രദവുമാക്കി. തുടർച്ചയായ യാത്ര കാരണം നല്ല വിശപ്പുണ്ടായിരുന്നു. ആദ്യ നല്ലൊരു ഭക്ഷണശാലയിൽ നിന്ന് കശ്മീരിന്റെ തനത് രുചിയൂറുന്ന ഭക്ഷണം അകത്താക്കി. അവിടെ അധികസമയം ചെലവഴിക്കാനുണ്ടായിരുന്നില്ല. കാരണം കശ്മീരിന്റെ മനോഹര കാഴ്ചകൾ നേരിട്ട് അനുഭവിക്കാൻ മനസ് വെമ്പൽകൊള്ളുകയായിരുന്നു. നേരെ ഹോട്ടലിലേക്ക്. ഒന്ന് ഫ്രഷായ ശേഷം കശ്മീരിലെ മഞ്ഞിൽകണങ്ങളാൽ കണ്ണാടിപോലെ പരന്നൊഴുകുന്ന ദാൽ തടാകത്തിന്റെ കാഴ്ചകൾ കാണാനിറങ്ങി. അകലെ സഞ്ചാരികൾക്കായി കാതോർത്ത് തോണികൾ നിരനിരയായി നിൽപുണ്ട്. ദാൽ തടാകം ചുറ്റിക്കാണാൻ നമുക്ക് തോണികൾ ബുക് ചെയ്യാം. വഞ്ചിക്കാരൻ മുസ്തഫയോടൊപ്പം തടാകത്തിന്റെ ഹൃദയത്തിലേക്ക് ഊളിയിട്ടു. തണുത്ത, ശാന്തമായ കാലാവസ്ഥയിൽ വഞ്ചിയാത്ര ഏറെ രസകരമായിരുന്നു.
തോണികളോട് ചുറ്റിപ്പറ്റിയുള്ള കശ്മീരികളുടെ ജീവിതം അത്ഭുതകരവും കൗതുകരവുമായി തോന്നി. ചെറു തട്ടുകളിൽ മധുരമൂറും പഴങ്ങളുമായി നിരവധി കച്ചവടക്കാർ, കശ്മീരി സ്റ്റൈലിൽ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫർമാർ, തനത് കാശ്മീർ കാവയും കമ്മലുകളും, മാലകളും വിൽക്കുന്നവർ. ഇവരെല്ലാം ചേർന്ന് ആ ചെറു പട്ടണത്തെ അനൽപമല്ലാത്ത തിരക്കിലേക്ക് ആനയിക്കുന്നുണ്ട്.
ഓളം തള്ളുന്ന ദാൽ തടാകത്തെ തുഴഞ്ഞുമാറ്റി വഞ്ചി പതുക്കെ മറുകരകളിലൂടെ സഞ്ചരിക്കുകയാണ്. കടലാസിന്മേൽ പാടങ്ങൾ പോലെ വിരിയുന്ന കാഴ്ചകൾ, തടാകത്തിന്റെ ശാന്തമായ ആഴം, പറവകളുടെ ഹൃദയസ്പർശിയായ ചുണ്ടനക്കങ്ങൾ എല്ലാം ഒരുമിച്ച് ഒരു സ്വപ്ന സമാനമായ അനുഭവമായി. ദാലിന്റെ സ്നേഹ ചുംബനം ഏറ്റുവാങ്ങിയ ശേഷം, ഒരു ചെറു തട്ടുകടയിൽ നിന്ന് ചൂടൻ നൂഡിൽസും ബ്രെഡും ഓംലറ്റും കഴിച്ചു. കശ്മീരിൽ എത്തുന്ന സഞ്ചാരികൾക്ക് സുലഭമായി ലഭ്യമാവുന്ന രുചിക്കൂട്ടുകാണിവ. വലിയ ഹോട്ടലുകളിൽ കയറി സമയം കളയാനില്ലാത്തവർക്ക് ചുരുങ്ങിയ ചെലവിൽ വിശപ്പടക്കാവുന്ന നല്ലൊരു ഓപ്ഷൻ.
വഞ്ചിമുന്നോട്ട് നീങ്ങുകയാണ്. ഒരു വശത്തായി കാശ്മീരിന്റെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളുടെ കടകൾ കാണാം. അതിലൊന്ന് മുസ്തഫയുടെ സുഹൃത്ത് അഷ്റഫിന്റെതാണ്. സന്ദർശകർക്ക് നിഷ്കളങ്കളമായ പുഞ്ചിരി സമ്മാനിച്ച് സുസ്വാഗതമോതുകയാണയാൾ. മനോഹരമായ കാശ്മീരി വസ്ത്രങ്ങളിൽ നിന്നും ഒരു സെൽവർ ഞാൻ എന്റെ ഉമ്മപൂവിനായി വാങ്ങി. വഞ്ചിയിൽ ഇരുന്ന്, തടാകത്തിന്റെ മധ്യനിരയിൽ കാണുന്നകാഴ്ചകളിൽ മുഴുകി, മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല. കശ്മീരിന്റെ എല്ലാ കഴ്ചകളും ഭംഗിയുള്ളതാണ്. പറ്റുന്നതെല്ലാം ഫോണിൽ പകർത്തി, ഓർമകളായി സൂക്ഷിക്കാലോ?.
വഞ്ചി തിരികെ യാത്ര ആരംഭിച്ചു, 30 മിനിട്ടിനു ശേഷം പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ പൂന്തോട്ടത്തിന്റെ അരികിലേക്ക് ഒതുക്കി നിർത്തി മുസ്തഫ സലാം പറഞ്ഞ് പിരിഞ്ഞു. വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങി. കുളിച്ച് വസ്ത്രങ്ങൾ മാറ്റി, വിഭവ സമൃദ്ധമായ കാശ്മീരി ഡിന്നറും കഴിച്ച് സ്വപ്നത്തിലേക്ക് മയങ്ങിവീണു.
മഞ്ഞ് പുതച്ച് ഗുൽമാർഗ്
ഹോട്ടലിൽ അധിക സമയം ചെലവിടാതെ രാവിലെ തന്നെ, ഞങ്ങൾ ഗുൽമർഗിലേക്ക് തിരിച്ചു. ഹോട്ടലിൽനിന്ന് ഗുൽമാർഗിലേക്ക് കുറച്ചധികം ദൂരമുണ്ട്. ഗ്ലാസുകൾ താഴ്ത്തിയിട്ടില്ലെങ്കിലും തണുപ്പ് എവിടെ നിന്നോ ഇരച്ചു കയറുന്നുണ്ട്. ചുറ്റിലും മരങ്ങൾ തിങ്ങിനിറഞ്ഞ കാടുകൾ, അങ്ങകലെ മഞ്ഞുമൂടിയമലനിരകൾ. കാഴ്ചകളുടെ സ്വർഗപ്പൂങ്കാവനത്തിലൂടെ വാഹനം അതിവേഗം കുതിക്കുകയാണ്. ഡ്രൈവിങ്ങിനിടെ ബിലാൽ ഭായ് ഹിന്ദിയിൽ കശ്മീരിന്റെ കഥകൾ പങ്കുവെക്കുന്നുണ്ട്. ഗുൽമർഗിൽ ഞങ്ങളെ വരവേറ്റത് മരം കോച്ചുന്ന തണുപ്പാണ്. കട്ടിയുള്ള ജാക്കറ്റുകൾ അണിഞ്ഞതിനാൽ അൽപം ആശ്വാസമുണ്ട്. തണുപ്പകറ്റാൻ ഒരു ചൂടൻ ചായ വാങ്ങി. ആകാശം കണക്കെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ ആസ്വദിക്കാൻ കേബിൾ കാറിലേക്ക് അടുത്ത യാത്ര. അതിനായി മറ്റൊരു വാഹനം തരപ്പെടുത്തി. കേട്ടറഞ്ഞതിനേക്കാൾ മനോഹരമായ കാഴ്ചകളുടെ പറുദീസയായിരുന്നു. മഞ്ഞ് വീണ മലനിരകൾ, ഉയരങ്ങൾ, തണുപ്പ് എല്ലാം ഒരു സ്വപ്ന സമാനമായ അനുഭവം. വിവിധ ഘട്ടങ്ങളായാണ് കേബിൾ കാറുകൾ സജ്ജമാക്കിയിരിക്കുന്നത്. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യമുണ്ട്. ആദ്യ സ്റ്റേജിൽ ഇറങ്ങിയപ്പോഴുണ്ടായ അനുഭവം വിവരണാധീതമായിരുന്നു. സ്വർഗ്ഗംതന്നെ! ചുറ്റിലുമുള്ളവർ ഓർമകൾ സൂക്ഷിക്കാൻ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ചിലർ വീഡിയോകളും പകർത്തുന്നു. ഞങ്ങളും വിട്ടില്ല കുറച്ചധികം ഫോട്ടോകൾ ഞങ്ങളും പകർത്തി.
അവിടെ നിന്നും ലെവൽ ടുവിലേക്ക് കേബിൾ കാറിൽ യാത്ര തുടർന്നു. മഞ്ഞു മൂടിയ മലനിരകളാണ് എങ്ങും. ചുറ്റും മഞ്ഞുവീണ പാതകളും കാണാം. ശരീരം മുഴുവനായും തണുപ്പിൽ മുങ്ങി. സ്വർഗ്ഗം നേരിൽ കാണുന്ന അനുഭവം. ഒരു ഫോട്ടോയിൽ ഒതുക്കാവുന്ന ചിത്രങ്ങളായിരുന്നില്ല അവ. രാത്രി സ്ട്രീറ്റ്ഫുഡും പരീക്ഷിച്ചു. മട്ടനും ചിക്കനും, മധുരമുള്ള ഗുലാബ് ജാമുൻ അങ്ങനെ തുടങ്ങി വൈിവധ്യമാർന്ന രുചിവകഭേദങ്ങൾ. പിറ്റേന്ന് രാവിലെ പെഹൽഗാമവിലേക്ക് തിരിച്ചു. മഞ്ഞും പച്ചപ്പും നിറഞ്ഞ ഒരു സ്വപ്നസമാനമായ ദിശയിലേക്ക്. യാത്രയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ, ആപ്പിളിന്റെ മധുരമുള്ള മണവും തോട്ടങ്ങളിലെ പച്ചക്കൂട്ടുകളും കണ്ണിലൂടെ പകർന്ന് ഹൃദയം മുഴുവൻ ആനന്ദത്തിലാഴ്ത്തുന്നു. ചെമ്മരിയാടിൻ കൂട്ടങ്ങളും ആപ്പിൾ തോട്ടങ്ങളിലെ ചുവന്നു തുടുത്ത ആപ്പിളുകളും മനോഹരമായ കാഴ്ചകളായിരുന്നു. ബിലാൽ ഭായ് വണ്ടിനിർത്തിയപ്പോൾ, പ്രിയതമൻ ആ മനോഹര കാഴ്ചകൾ ഫോണിൽ പകർത്താൻ തുടങ്ങി. അൽപ ദൂരം പിന്നിട്ട് മറ്റൊരു ആകർഷണമായ കുതിര സവാരിക്കടുത്തെത്തി. ഞങ്ങൾ മൂന്നുകുതിരകളെ സ്വന്തമാക്കി. ഉള്ളിൽ പേടിയുണ്ടെങ്കിലും ഉമ്മയും ഞാനും ഒരു വിധം കുതിരപ്പുറത്ത് കയറിപ്പറ്റി. മഞ്ഞിൻ മലകളെ കീറിമുറിച്ച് കുതിരകൾ പതുക്കെ സവാരി തുടങ്ങി. ചെങ്കുത്തായ മലനിരകളിൽ മഞ്ഞ് പുതച്ച് കിടക്കുക്കുകയാണ്. സീസൺ അവസാനിച്ചാൽ ഇവയെല്ലാം പൊട്ടകുന്നുകളായി മാറും. കുതിരപ്പുറത്തിരുന്ന് കശ്മീരിന്റെ ഭംഗി ആവോളം ആസ്വദിച്ചു. വെള്ളച്ചാട്ടങ്ങൾ, പച്ചപ്പിന്റെ പകൽ, കുട്ടികൾ കളിക്കുന്ന ദൃശ്യങ്ങൾ എല്ലാം മനസ്സിൽപതിഞ്ഞു. കുതിരസവാരി അവസാനിച്ച്, നദീതീരത്ത് ഇറങ്ങി, കുറച്ച് സമയം നദിയുടെ ഓളങ്ങളിൽ ഓർമകളെ തലോടി. പിന്നീട്, ആപ്പിൾ തോട്ടത്തിലേക്ക് തിരിച്ചു. സ്വർഗ്ഗ സമാനമായ കാഴ്ചകളായിരുന്നു അവിടെ. മരത്തിൽ നിറയെ ചുവപ്പും മഞ്ഞയുമായ ആപ്പിളുകൾ. ചിലത് താഴേ വീണുകിടക്കുന്നുണ്ട്. മധുരമൂറും ആപ്പിൾ ജ്യൂസും പഴങ്ങളും കഴിച്ചാണ് മടങ്ങിയത്.
പിറ്റേന്ന് രാവിലെ സീറോ ഡിഗ്രിയിലെ മലമുകളിലേക്കായിരുന്നു ആദ്യ യാത്ര. പേരു കേൾക്കുമ്പോൾ തന്നെ മനസ്സ് തണുത്ത് മരവിപ്പിക്കുന്നുണ്ടായിരുന്നു. ആ വിസ്മയത്തിന്റെ പ്രതീക്ഷയുമായി ഉയരങ്ങളിലേക്ക് കയറി. വണ്ടി മലമുകളിലൂടെ നീങ്ങുമ്പോൾ ചുറ്റും മഞ്ഞു വീണ മലനിരകളും ശാന്തമായ അന്തരീക്ഷവും. സൂര്യപ്രകാശം മഞ്ഞുമലകളിൽ വീണപ്പോഴുണ്ടായ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു. കാറ്റും തണുപ്പും ശരീരത്തെ വിറപ്പിച്ചു വെങ്കിലും, ഹൃദയം ആശ്വാസവും സന്തോഷവും അനുഭവിച്ചു. സീറോ ഡിഗ്രിയിൽ നിന്ന് പെട്ടെന്ന് മടങ്ങിയശേഷം, സോനാമാഗ് വഴി യാത്ര തുടർന്നു. എങ്ങും മഞ്ഞ്മൂടിയ കാഴ്ചകൾ തന്നെയാണ്. ഇടക്ക് ഒരു ഹോട്ടലിൽ കുറച്ചു സമയം വിരുന്നായി. ചൂടൻ കാശ്മീരി വിവഭവങ്ങൾ ആസ്വദിച്ചു. വയറും മനസും ഒരു പോലെ നിറക്കുന്ന വിഭവങ്ങൾ. ശരീരം തണുപ്പു കൊണ്ട് മരവിച്ചിട്ടും മനസ്സിലെ ആഹ്ലാദം തിരയടിച്ചുയരുകയായിരുന്നു. കശ്മീർ തെരവുകൾ സജീവമായിരിക്കുന്നു. ചെറുപട്ടണമാണ്. കൂടുതലും സഞ്ചാരികളുടെ കച്ചവടം പ്രതീക്ഷിച്ചാണ് കടകൾ തുറന്നിരിക്കുന്നത്. വിശാലമായ മാർക്കറ്റിലേക്ക് കടന്നു. ആദ്യം ദർഗ സന്ദർശിച്ച് പ്രാർഥന നടത്തി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഒക്കെ അവിടെ പ്രാർഥനയിൽ മുഴുകുന്നുണ്ടായിരുന്നു. ഒരു കടയിൽ നിന്ന് ബിലാൽ ഭായിയുടെ മക്കൾക്കായി കുറച്ച് വസ്ത്രങ്ങളും ഉപഹാരങ്ങളും തെരഞ്ഞെടുത്തു. കാശ്മീരിന്റെ പ്രശസ്തമായ വാൾനട്ട് കടയിൽ നിന്നും അൽപം വാൾനട്ടുംവാങ്ങി. മാർക്കറ്റിന്റെ തിരക്കിലും, മനോഹരമായ കാഴ്ചകളുടെയും മധുരഭരിതമായ അനുഭവങ്ങളുടെയും ഓർമകളോടെ നേരെ തിരികെ യാത്രക്കായി ശ്രീനഗർ എയർപോർട്ടിലേക്ക്. ബിലാൽ ഭായിയോടെ് നന്ദി പറഞ്ഞു പിരിഞ്ഞു. കാശ്മീരിന്റെ തണുപ്പും സ്വർഗസമാനമായ മനോഹാരിതയും നിഷ്കളങ്കമായ ഭാവങ്ങളും മനസിൽ മായാതെ നിൽപ്പുണ്ട്. മറ്റൊരു യാത്രക്ക് വട്ടംകൂട്ടുന്നതുവരെ ഈ ഓർമകളെ താലോലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.