കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ് മത്സരത്തിനായി രജിസ്ട്രേഷൻ കൗണ്ടറിൽ ശനിയാഴ്ച അനുഭവപ്പെട്ട തിരക്ക്
ഷാര്‍ജ: നാട്ടില്‍ പൂരാവേശത്തിൽ കൊടിയിറങ്ങിയപ്പോള്‍, ഇങ്ങ് പ്രവാസലോകത്ത് ആഘോഷാരവങ്ങളുടെ മറ്റൊരു പൂരപ്പറമ്പ് തന്നെയാണ് ഗള്‍ഫ് മാധ്യമം ഷാര്‍ജ എക്സ്പോ സെന്ററില്‍ തുറന്നത്. രണ്ടാം ദിനം രാവിലെ തന്നെ കമോണ്‍ കേരളയുടെ വേദികളാകെ നിറഞ്ഞിരുന്നു. വിവിധങ്ങളായ പരിപാടികളും വേറിട്ട അനുഭവങ്ങളുമായി ആഘോഷിക്കാനുള്ള വകയെല്ലാം ഒരുക്കി കാത്തിരുന്നു കമോൺ കേരളനഗരി. പ്രതീക്ഷകള്‍ സഫലമായെന്ന് ആയിരങ്ങളുടെ നേര് സാക്ഷ്യം. കമോണ്‍ കേരള ഏഴാം എഡിഷന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത് നവ്യാനുഭവങ്ങളാണ്. ഏഴായിരത്തോളം കുരുന്നുകള്‍ മാറ്റുരക്കുന്ന ലിറ്റില്‍ ആര്‍ട്ടിസ്റ്റിന്റെ വേദി രണ്ടംദിനവും ജനനിബിഡമായി. മണിക്കൂറുകള്‍ കാത്തിരുന്നും കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചേ മടങ്ങൂ എന്ന രക്ഷിതാക്കളുടെ അഭിനിവേശവും ആവേശവും തന്നെയാണ് കമോണ്‍ കേരളയുടെ ശ്രദ്ധേയ വിജയങ്ങളിലൊന്ന്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മേളയെയും ഗള്‍ഫ് മാധ്യമത്തെയും നേഞ്ചേറ്റിയ പ്രിയ പ്രവാസ മനസ്സുകളാണവര്.
കമോൺ കേരളയുടെ രണ്ടാം ദിനത്തിൽ അനുഭവപ്പെട്ട തിരക്ക്
ഇന്നലെ രാവിലെ മുതല്‍ പരിപാടികളിലേക്ക് വിവിധ എമിറേറ്റുകളില്‍നിന്ന് ആയിരങ്ങളാണെത്തിയത്. വൈകീട്ടോടെ മേളനഗരി മലയാളികളുടെ മഹോത്സവമായി. രാവിലെ രണ്ടാം ദിനവും തുടര്‍ന്ന് ദം ബിരിയാണി സെമി ഫൈനലില്‍ തിരഞ്ഞെടുക്കപ്പെട്ട ഷെഫുമാരുടെ രുചിക്കൂട്ടുകളില്നിന്ന് നാവൂറും നറുമണമുയര്ന്നു. ഉച്ചകഴിഞ്ഞ് മിനി സ്റ്റേജില്‍ ഷെഫ് പിള്ള നയിച്ച ഷെഫ് മാസ്റ്റര്‍ പരിപാടി പാചകപ്രേമികളുടെ ഇഷ്ടയിടമായി. തുടര്‍ന്ന് കല്ലുവും മാത്തുവും കാണികളെ വിസ്മയിപ്പിച്ച് വേദിയില്‍ നിറ സാന്നിധ്യമായി. സിനിമ ലോകത്തിന്റെ കടന്നുവന്ന വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളുമൊക്കെ പങ്കുവെച്ച ‘ലൈറ്റ്സ്, ആക്ഷന്‍, കാമറ’യും ശ്രദ്ധേയമായി. മാപ്പിളപ്പാട്ടുകളും സിനിമപ്പാട്ടുകളും ഒഴുകിയിറങ്ങിയ ‘ഇഷ്ക്’ ഇശല്‍ രാവ് പ്രവാസി ഹൃദയങ്ങളെ രാഗാര്‍ദ്രമാക്കി. ശനിയാഴ്ച ജോലിയില്‍ അവധിയുള്ള ആയിരങ്ങളാണ് കുടുംബസമേതം കമോണ്‍ കേരളയിലേക്കൊഴുകിയെത്തിയത്. മലയാളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ അടക്കം 25 ഓളം ഫുഡ് സ്റ്റാളുകളാണ് മേളയിലുള്ളത്. ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നും 200 ഓളം സ്ഥാപനങ്ങളും മേളയിലെ സാന്നിധ്യമാണ്. ലക്ഷക്കണിക്കിനുപേര് സന്ദര്‍ശിച്ചു മടങ്ങുന്ന കമോണ്‍ കേരള, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന ഫെസ്റ്റിവല്‍ കൂടിയാവുകയാണ്.
പ്രധാന വേദിയില്‍ ജലീല്‍ കാഷ് ആൻഡ് ക്യാരി പയനിയര്‍ അവാര്‍ഡ്, ഇന്ത്യന്‍-അറബ് വനിത പ്രതിഭകള്‍ക്ക് ആദരമൊരുക്കി ഇന്തോ-അറബ് വിമന്‍ എക്സലന്‍സ് പുരസ്കാരം എന്നിവ വിതരണ ചെയ്തു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ തെന്നിന്ത്യന്‍ നടി പ്രിയാമണി അടക്കമുള്ള പ്രമുഖരാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. കമോണ്‍ കേരളയുടെ ആഘോഷപ്പൂരം കൊടിയിറങ്ങുന്ന ദിനമാണിന്ന്. രാത്രി പ്രധാനവേദിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ നടന് മോഹന്‍ലാലാണ് മുഖ്യാതിഥി. ഇന്നു രാവിലെ 11 മുതല്‍ ലിറ്റില്‍ ആര്‍ട്സ് ആരംഭിക്കും. ട്രഷര്‍ ഹണ്ട്, സിങ് ആൻഡ് വിന്, എ.ഐ. മച്ചാന്‍സ്, ഷീ ട്രാവലേഴ്സ്, അറേബ്യന്‍ ലെഗസി അച്ചീവ്മെന്റ് അവാര്‍ഡ് വിതരണം എന്നിവയും ഇന്നത്തെ പ്രധാന പരിപാടികളാണ്. പതിറ്റാണ്ടുകള്‍ കടന്നും ഏറെ ഇമ്പമോടെ തുടരുന്ന ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക ഇഴയടുപ്പത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഗള്‍ഫ് മാധ്യമം കമോണ്‍ കേരള. ഷാര്‍ജ എക്സ്പോ സെന്ററില്‍ ഏഴാം തവണയും പ്രൗഢ ഗംഭീരമായി മേള തുടരുകയാണ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന മേള മലയാളികളുടെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി ആഘോഷമാക്കുന്ന മേളയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.