ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം
ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,31,000 എന്ന റെക്കോഡിലെത്തി. പുതുവർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ട് വഴിയാണ് നേട്ടം വെളിപ്പെടുത്തിയത്. ഇതോടെ സ്വകാര്യ മേഖലയിലെ പൗരന്മാരുടെ എണ്ണം 350ശതമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2024ൽ യുവ പൗരന്മർ മാത്രം 25,000 ചെറുകിട, ഇടത്തരം കമ്പനികൾക്ക് തുടക്കം കുറിച്ച് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ മറ്റു നേട്ടങ്ങളും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തി. വിദേശ വ്യപാരം ആദ്യമായി 2.8 ട്രില്യൻ ദിർഹം എന്ന നിലയിലേക്ക് ആദ്യമായി എത്തിച്ചേർന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യൺ ദിർഹമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം വ്യവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹമിലെത്തി. രാജ്യത്തിന്റെ ബിസിനസ് സാഹചര്യം ശക്തമായി തുടരുകയാണ്. രണ്ട് ലക്ഷം പുതിയ കമ്പനികളാണ് രാജ്യത്ത് വന്നുചേരുന്നത് -അദ്ദേഹം വ്യക്തമാക്കി. പുതുവർഷത്തിൽ രാജ്യം വികസനവും തുറന്ന സമീപനവും തുടർച്ചയായ ആധുനികവത്കരണവും അടിസ്ഥാനമാക്കിയ മുന്നേറ്റം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2025ൽ വരാനിരിക്കുന്നത് കൂടുതൽ സുന്ദരവും മഹത്തരവും മികച്ചതുമായിരിക്കുമെന്ന ശുഭപ്രതീക്ഷയും ശൈഖ് മുഹമ്മദ് പങ്കുവെച്ചു.
യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടക്കം പ്രമുഖരെല്ലാം മന്ത്രിസഭാ യോഗത്തിൽ സന്നിഹിതരായിരുന്നു. 2021ൽ സ്ഥാപിതമായ നാഫിസ് പദ്ധതി വഴി സ്വകാര്യമേഖലയിലെ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മേയ് 26ന് സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് 10 ശതമാനം സ്വദേശികളെ നിയമിക്കാൻ ലക്ഷ്യമിടുന്നത്. ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്. കഴിഞ്ഞ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്ന തീരുമാനവും നടപ്പാക്കുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടുവർഷത്തിനകം രണ്ട് ഇമാറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടും. സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന മേഖലകൾക്കാണ് ഇത് ബാധകമാവുക. ഐ.ടി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കല-വിനോദം, ഖനനം, നിർമാണം തുടങ്ങിയ മേഖലകളെല്ലാം ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.