റാക് ശൈഖ് റാശിദ് ഇബ്നു മസ്ജിദിൽ നടന്ന തറാവീഹ് നമസ്കാരം
ദുബൈ: വ്രതവിശുദ്ധിയുടെ രാപകലുകൾക്ക് സമാരംഭം കുറിച്ചതോടെ രാജ്യത്താകമാനം പള്ളികൾ സജീവമായിത്തുടങ്ങി. തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ രാജ്യത്തെ പള്ളികളിൽ ഞായറാഴ്ച രാത്രി നമസ്കാരത്തിന് വിശ്വാസികൾ ഒഴുകിയെത്തി.
അവധിദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വിശ്വാസികൾ റമദാനെ സ്വീകരിക്കാനുള്ള മുന്നൊരുങ്ങൾ പൂർത്തിയാക്കിയിരുന്നു. മഴ മാറിനിന്നതോടെ ഞായറാഴ്ച സൂപ്പർ മാർക്കറ്റുകളിലും മറ്റു റീട്ടെയിൽ വിപണികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. റമദാൻ പ്രമാണിച്ച് ഓഫറുകളുമായാണ് വിവിധ സ്ഥാപനങ്ങൾ താമസക്കാരെ സ്വാഗതം ചെയ്യുന്നത്.
ഇഫ്താറുകളും രാത്രി നമസ്കാരങ്ങളുമായി വിശ്വാസികൾ സജീവമാകുന്ന പള്ളികളിൽ ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ അബൂദബി ശൈഖ് സയിദ് ഗ്രാൻഡ് മോസ്കിൽ പ്രത്യേകം കമ്മിറ്റികളും ടീമുകളും നിശ്ചയിച്ചാണ് വിശ്വാസികൾക്ക് സൗകര്യമൊരുക്കി വരുന്നത്.
ജീവനക്കാർക്കൊപ്പം റമദാനിൽ പ്രത്യേക സേവനം ചെയ്യാൻ 580 വളന്റിയർമാരെയും കണ്ടെത്തിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റും പൊലീസും ആരോഗ്യ പ്രവർത്തകരും സിവിൽ ഡിഫൻസ് അംഗങ്ങളും ഇവർക്കൊപ്പം സേവനത്തിനുണ്ടാകും.
ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും പള്ളികളിൽ മതകാര്യ വകുപ്പുകളുടെയും മറ്റും മേൽനോട്ടത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. പ്രവാസികളും ഇത്തവണ വളരെ ആവേശത്തോടെയാണ് റമദാനെ വരവേൽക്കാനൊരുങ്ങുന്നത്. കൂട്ടായ്മകളും ഇഫ്താർ സംഗമങ്ങളുമായി പ്രവാസി സംഘടനകൾ റമദാൻ തുടക്കം മുതൽ സജീവമാകും.
റമദാനിൽ സമയമറിയിച്ച് മുഴങ്ങുന്ന പരമ്പരാഗത പീരങ്കികൾ ഇത്തവണ ദുബൈയിൽ ഏഴിടങ്ങളിൽ മുഴങ്ങും. റമദാൻ പ്രഖ്യാപനം വന്ന ഞായറാഴ്ച രാത്രിയാണ് ആദ്യ പീരങ്കികൾ മുഴങ്ങിയത്. ഇത്തവണ മൊബൈൽ പീരങ്കിയും ദുബൈ പൊലീസ് രംഗത്തിറക്കുന്നുണ്ട്.
ഇത് 13 ഇടങ്ങൾ സന്ദർശിക്കും. എക്സ്പോ സിറ്റി ദുബൈ, ഡമാക് ഹിൽസ്, വിദ ക്രീക്ക് ഹാർബർ, ബുർജ് ഖലീഫ, മിർദിഫ് ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഹത്ത ഗെസ്റ്റ് ഹൗസ് എന്നീ ഏഴു സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിക്കുക. ഷാർജ അടക്കമുള്ള മറ്റു എമിറേറ്റുകളിലും പീരങ്കി മുഴങ്ങും.
ഷാർജയിൽ അഞ്ചിടങ്ങളിലാണ് റമദാൻ പീരങ്കി മുഴങ്ങുക. റമദാനിന് മുന്നോടിയായി പെയ്ഡ് പാർക്കിങ്, പൊതു ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയം എന്നിവ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അതോടൊപ്പം സ്കൂളുകളിലടക്കം സമയക്രമത്തിൽ മാറ്റമുണ്ടാകും. ദുബൈയിൽ സ്വകാര്യ സ്കൂളുകൾ അഞ്ചു മണിക്കൂറിൽ കൂടുതൽ സമയം നോമ്പുകാലത്ത് പ്രവർത്തിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.