ദുബൈ പൊലീസിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയ ടെസ്ല സൈബർ ട്രക്ക്. പിറകിൽ
വാഹനത്തെ പിന്തുടരുന്ന ശൈഖ് ഹംദാനെയും കാണാം
ദുബൈ പൊലീസിന് ടെസ്ല സൈബർ ട്രക്ക്
‘എക്സി’ലെ പോസ്റ്റിനോട് പ്രതികരിച്ച്
ഇലോൺ മസ്ക്
ദുബൈ: ഇതിനകം തന്നെ ശ്രദ്ധേയമായ ദുബൈ പൊലീസിന്റെ പട്രോൾ വാഹന നിരയിലേക്ക് ടെസ്ല സൈബർ ട്രക്കും. കഴിഞ്ഞ ദിവസമാണ് പച്ചയും വെള്ളയും നിറത്തിൽ ദുബൈ പൊലീസിന്റെ ലോഗോ പതിച്ച സൈബർ ട്രക്കിന്റെ ചിത്രം ‘എക്സി’ൽ പൊലീസ് പുറത്തുവിട്ടത്.
സമൂഹ മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ടെസ്ല കമ്പനി സി.ഇ.ഒ ഇലോൺ മസ്ക് ‘കൂൾ’ എന്ന് കമന്റിട്ടതോടെ ആഗോളതലത്തിൽ തന്നെ വൈറലായി.
ഏറ്റവും പുതിയ സംവിധാനങ്ങൾ വേഗത്തിൽ സ്വീകരിക്കുന്ന ദുബൈ പൊലീസിന്റെ നയത്തിന്റെ ഭാഗമായാണ് ഏറ്റവും നവീന സാങ്കേതിക വിദ്യയോടെ രൂപപ്പെടുത്തിയ ടെസ്ല സൈബർ ട്രക്ക് വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ഇതിനകം തന്നെ ലോകത്തെ മികച്ച നിരവധി ആഡംബര കാറുകൾ ദുബൈ പൊലീസ് സ്വന്തമാക്കിയിട്ടുണ്ട്.
നമ്പർപ്ലേറ്റ് നമ്പർ 5 നൽകിയ സൈബർ ട്രക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുബൈ പൊലീസ് പരിചയപ്പെടുത്തിയത്. ഭാവിയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ഇ-വാഹനം നിരീക്ഷിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിറകിൽ സഞ്ചരിക്കുന്ന ഫോട്ടോയാണ് ദുബൈ പൊലീസ് പങ്കുവെച്ചത്.
ലംബോർഗിനി അവന്റഡോർ, ഔഡി ആർ8 കൂപ്പെ വി10, ബെന്റ്ലി കോണ്ടിനെന്റൽ ജി.ടി, ബുഗാട്ടി വെയ്റൻ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ആഡംബരവും വേഗതയേറിയതുമായ കാറുകൾ പൊലീസിന്റെ സൂപ്പർകാർ ഫ്ലീറ്റിൽ ഉൾപ്പെടും. ടെസ്ലയുടെ സൈബർ ട്രക്കിന്റെ വിവിധ പതിപ്പുകൾക്ക് 57,390 ഡോളർ മുതൽ 96,390 ഡോളർ വരെയാണ് വില കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.