നിങ്ങള്‍ അധ്യാപിക മാത്രമല്ല ടീച്ചര്‍, പാഠപുസ്തകവുമാണ്

അബൂദബി: കണ്ണൂര്‍ ചാല സ്വദേശി അജയിന്‍െറ ജീവിതം കേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണ് നിറയും. കാഴ്ചയില്ലാതെ ജനിച്ച് സംസാരശേഷിയും നടക്കാനുള്ള കഴിവും ആര്‍ജിച്ചെടുക്കാനാവാതെ നിരവധി അംഗപരിമിതികളോടും മാനസിക പരിമിതിയോടും കൂടി അമ്മയുടെ നെഞ്ചുചേര്‍ന്ന് കിടന്ന കുഞ്ഞു അജയ് മുന്നൂറോളം പേരുടെ അതിജീവനത്തിനുള്ള ഉത്തരമിരുന്നു എന്നറിയുമ്പോഴാണ് നാം കണ്ണ് തുടക്കുക, അവന്‍െറയും അമ്മ ജലറാണി ടീച്ചറുടെയും ജീവിതത്തിലേക്ക് ആദരംപൂര്‍വം നോക്കുക.
ഒരു കുഞ്ഞിനായി കാത്തുകാത്തിരുന്ന ജലറാണി ടീച്ചര്‍ അജയ് പിറന്നുവീണപ്പോള്‍ സങ്കടം കൊണ്ട് പരിഭവിച്ചു. അംഗവൈകല്യങ്ങളുള്ള മകന്‍െറ പിറവി പക്ഷേ  ആ അമ്മയെ തളര്‍ത്തിയില്ല. മകനെ പരിചരിക്കുന്നതിന് ബാംഗ്ളൂരില്‍ നിന്ന് പരിശീലനം നേടി.  നിരന്തര  പ്രാര്‍ത്ഥനയും പരിശീലനവും നിമിത്തം ഒമ്പതാം  വയസ്സില്‍ അജയ് സംസാരിക്കാന്‍ തുടങ്ങിയത് ടീച്ചറുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. 
തന്‍െറ മകന് സാധിച്ചത് അവനെ പോലുള്ള മറ്റു കുട്ടികള്‍ക്കും സാധിക്കണമെന്ന മോഹമാണ് സ്വന്തം ഗ്രാമപഞ്ചായത്തായ കടമ്പൂരില്‍ വൈകല്യമുള്ള കുട്ടികളെ കുറിച്ച് സര്‍വേ നടത്താന്‍ പ്രേരണയായത്. 152 കുട്ടികള്‍ സമാന പ്രശ്നങ്ങളുമായി ജീവിക്കുന്നുണ്ടെന്ന് സര്‍വേയില്‍ വ്യക്തമായതോടെ അജയ് ചോദ്യചിഹ്നമായിരുന്നില്ല, മഹത്തായ ഒരു ഉത്തരമായിരുന്നുവെന്ന് ജലറാണി ടീച്ചര്‍ തിരിച്ചറിയുകയായിരുന്നു.
മാനസിക പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് താങ്ങാവുകയും പരിശീലിപ്പിക്കുകയും ചെയ്യാന്‍ ഒരു സ്കൂള്‍ തുടങ്ങണമെന്ന ചിന്ത കാടാച്ചിറ പാനോന്നേരിയില്‍ ശാന്തിദീപം സ്കൂള്‍ സ്ഥാപിതമാകുന്നതിലാണ് അവസാനിച്ചത്. മികച്ച നേട്ടങ്ങളുമായി പന്ത്രണ്ട് വര്‍ഷങ്ങളായി ഈ വിദ്യാലയം തലയുയര്‍ത്തി നില്‍ക്കുന്നു. ഇതിനിടെ മുന്നൂറിലധികം പേര്‍ ഇവിടെ പരിശീലനം നേടി. 25 കുട്ടികള്‍ക്ക് സ്വാഭാവിക ജീവിതം സാധ്യമായി. 12 പേര്‍ പത്താം തരം വിജയിച്ചു. ഈ വര്‍ഷം പത്താം തരം തുല്യതാ പരീക്ഷയെഴുതാന്‍ എട്ട് വിദ്യാര്‍ഥികള്‍ തയാറെടുക്കുന്നു. 125 വിദ്യാര്‍ഥികളും 21 ജീവനക്കാരുമുള്ള സ്കൂളില്‍ നിന്ന് ചാലഞ്ച് എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഉല്‍പന്നങ്ങളുംപുറത്തിറക്കുന്നുണ്ട്്. 
യു.എസില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത പത്ത് ഇന്ത്യക്കാരില്‍ രണ്ടുപേര്‍ ശാന്തിദീപത്തില്‍നിന്നുള്ളവരായിരുന്നു. ഇവര്‍ ഇരുവരും വെള്ളിമെഡല്‍ കരസ്ഥമാക്കി. ദേശീയ തലത്തില്‍ നടന്ന കായികമേളയിലും സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 
2015ലെ ശ്രേഷ്ഠ വനിതാ പുരസ്കാരം, 2007ല്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ ബ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസന്‍ അവാര്‍ഡ്, വൊക്കേഷനല്‍ എക്സലന്‍സി തുടങ്ങി വിവിധ അവാര്‍ഡുകള്‍ സ്കൂളിന്‍െറ സേവനപ്രവര്‍ത്തനത്തിനുള്ള അംഗീകാരങ്ങളായി ടീച്ചറെ തേടിയത്തെി.  
മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന മാനസിക പരിമിതിയുള്ള കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്ന സങ്കടകരമായ അവസ്ഥ ഒഴിവാക്കാന്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് ഒരു കൂര ഒരുക്കുക എന്ന ലക്ഷ്യവുമായി ഏതാനും ദിവസമായി പ്രവാസികളുടെ സഹകരണം തേടി ജലറാണി ടീച്ചര്‍ യു.എ.ഇ യിലുണ്ട്. 

Tags:    
News Summary - Teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.