അബൂദബി: ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ഓർഗനൈസേഷൻ കേസിൽ പ്രതികൾ നൽകിയ അപ്പീൽ യു.എ.ഇയുടെ സുപ്രീം ഫെഡറൽ കോടതി തള്ളുകയും വിധി ശരിവെക്കുകയും ചെയ്തു. അതേസമയം, കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപ്പീലിൽ വിധി പറയുന്നത് ഏപ്രിൽ എട്ടിലേക്ക് മാറിയിട്ടുണ്ട്.
തീവ്രവാദ മുസ്ലിം ബ്രദർഹുഡ് സംഘടനയിലെ 53 അംഗങ്ങളും ആറ് കമ്പനികളും കുറ്റക്കാരാണെന്ന് അബൂദബി ഫെഡറൽ അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ വിധിക്കെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. ജീവപര്യന്തം തടവും രണ്ടുകോടി ദിർഹം വരെ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. രാജ്യത്തിനകത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ഓർഗനൈസേഷൻ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്തതായി കണ്ടെത്തിയ 43 പേർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.
സമൂഹമാധ്യമങ്ങളിൽ രാജ്യവിരുദ്ധ ലേഖനങ്ങളും ട്വീറ്റുകളും പ്രസിദ്ധീകരിച്ച് നിയമവിരുദ്ധമായ റിഫോം കോൾ ഓർഗനൈസേഷനുമായി സഹകരിച്ചതിന് അഞ്ച് പ്രതികൾക്ക് 15 വർഷത്തെ തടവ് ശിക്ഷയുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 10നാണ് കേസിൽ വിധി പ്രസ്താവിച്ചത്.
തീവ്രവാദ സംഘടനയായ ‘റിഫോം കോളു’യുമായി സഹകരിച്ചതിനും അതിന് ഫണ്ട് നൽകിയതിനും 24 പ്രതികൾക്കെതിരായ ക്രിമിനൽ കേസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട വിധിയുടെ ഒരു ഭാഗത്തെക്കുറിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ അപ്പീൽ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.