ദുബൈ: ലോകത്തെ പ്രബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇ പാസ്പോർട്ടിന് 15ാം സ്ഥാനം. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് 'കോവിഡ് വിജയി' എന്ന വിശേഷണത്തോടെ യു.എ.ഇ പാസ്പോർട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷം കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും യു.എ.ഇ പാസ്പോർട്ട് ശക്തമായി നിലകൊണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശേഷണം നൽകിയത്. ഒരു പാസ്പോർട്ട് ഉടമക്ക് അതുപയോഗിച്ച് മുൻകൂർ വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും എത്ര രാജ്യങ്ങൾ സന്ദർശിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ പാസ്പോർട്ടിന്റെ പ്രബലത നിശ്ചയിക്കുന്നത്. 176 ആണ് യു.എ.ഇ പാസ്പോർട്ടിന്റെ സ്കോർ. അതായത് യു.എ.ഇ പാസ്പോർട്ട് ഉള്ളയാൾക്ക് വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും 176 രാജ്യങ്ങൾ സഞ്ചരിക്കാം.
ജി.സി.സി മേഖലയിലും അറബ് ലോകത്തും തന്നെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇയുടേതാണെന്ന് ഹെൻലി ഇൻഡക്സ് പറയുന്നു. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡേറ്റകൾ ഉപയോഗിച്ചാണ് ഹെൻലി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഒരു ദശകത്തിനിടെ 49 സ്ഥാനങ്ങൾ കയറിയാണ് യു.എ.ഇ പാസ്പോർട്ട് 15ാമത് എത്തിയിരിക്കുന്നത്. 2012ൽ യു.എ.ഇ 64ാം സ്ഥാനത്തായിരുന്നു.
2006ൽ നിലവിൽ വന്ന ഹെൻലി ഇൻഡക്സിൽ യു.എ.ഇക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സ്ഥാനമാണ് ഇപ്പോഴത്തേത്. ആദ്യ 20 സ്ഥാനത്തിനുള്ളിലെത്തിയ ഏക അറബ് രാജ്യമാണ്
യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.