ദുബൈ: റോഡിന് നടുവിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യപകുതിയിൽ ദുബൈ പൊലീസ് പിഴയിട്ടത് 7600 ഡ്രൈവർമാർക്ക്. കൃത്യമായ കാരണങ്ങളില്ലാതെ വാഹനം നിർത്തിയവർക്കാണ് പിഴ. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് വൻ അപകടം ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഇടപെടൽ. 1000 ദിർഹമും ആറ് ബ്ലാക്ക് പോയന്റുമാണ് പിഴ.
അതിവേഗ പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് വലിയ കൂട്ടയിടിയിലേക്ക് നയിക്കുന്നു. ഈ വർഷം ഇതുമൂലം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. മൂന്നുപേർ മരിക്കുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 11,565 പേർക്കാണ് ഇത്തരത്തിൽ പിഴ നൽകിയത്. 11 അപകടങ്ങളുമുണ്ടായി. 21 പേർക്ക് പരിക്കേൽക്കുകയും എട്ടുപേർ മരിക്കുകയും ചെയ്തു.
ഇന്ധനം തീരുന്നതുമൂലം വാഹനം നിന്നുപോകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇങ്ങനെ നിന്നുപോകുന്ന വാഹനങ്ങൾ റോഡിന്റെ ഏതെങ്കിലും വശത്ത് ഒതുക്കിയിടണമെന്നും ഹസാർഡ് ലൈറ്റുകൾ തെളിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഇല്ലെങ്കിൽ പിറകിൽ വരുന്ന വാഹനങ്ങൾ ഇടിക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമായ സ്ഥലത്ത് വാഹനം ഇട്ട ശേഷം പൊലീസിനെ വിവരം അറിയിക്കണം. പട്രോളിങ് ടീം പരമാവധി വേഗത്തിൽ സ്ഥലത്തെത്തുകയും ആവശ്യമായ സഹായം ഏർപ്പെടുത്തുകയും ചെയ്യും. ചൂടുകാലമായതിനാൽ ടയറുകൾ എപ്പോഴും പരിശോധിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയതിനെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ അബൂദബി പൊലീസ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.