ദുബൈ: പുനരുപയോഗ ഉൗർജം വർധിപ്പിക്കുന്നതിനുള്ള ദുബൈയുടെ ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കുന്ന സോളാർ പദ്ധതി ആഗസ്റ്റിൽ പൂർത്തിയാകും. വകുപ്പിന് കീഴിലെ കെട്ടിടങ്ങളിലും മറ്റു സൗകര്യങ്ങളിലും സോളാർ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ വ്യക്തമാക്കിയത്. ‘ദുബൈ കാർബണു’മായി സഹകരിച്ചാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ദുബൈ സർക്കാറിന്റെ ‘ശംസ് ദുബൈ’ പദ്ധതിയുമായും ദുബൈ ക്ലീൻ എനർജി ആൻഡ് ഇന്റഗ്രേറ്റഡ് എനർജിയുമായും ചേർന്നാണ് പദ്ധതി രൂപപ്പെടുത്തിയത്.
പദ്ധതിയിലൂടെ 21 മെഗാവാട്ട് വൈദ്യുതി ഓരോ മാസവും ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നും ഇതുവഴി ഇലക്ട്രിസിറ്റി ബില്ലിന്റെ 50 ശതമാനം ലാഭിക്കാനാവുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ആകെ 22 കെട്ടിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 15 എണ്ണത്തിൽ നിലവിൽ പാനൽ സ്ഥാപിക്കുന്നത് പൂർത്തിയായിട്ടുണ്ട്. ബസ് ഡിപ്പോകളും മൾട്ടിലെവൽ പാർക്കിങ് കേന്ദ്രങ്ങളുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള കെട്ടിടങ്ങളിൽ കൂടി പദ്ധതി ഈ വർഷം ഏപ്രിലോടെ പദ്ധതി നടപ്പിലാക്കുമെന്ന് അൽ ജനാഹി പറഞ്ഞു.
റുവിയ്യ ബസ് സ്റ്റേഷൻ, അൽ ഖവാനീജ് ബസ് സ്റ്റേഷൻ, അൽ ഖൂസ് ബസ് സ്റ്റേഷൻ, ജബൽ അലി ബസ് ഡിപ്പോ, അൽ ഖുസൈസ് ബസ് ഡിപ്പോ, നാഇഫ് കാർ പാർക്ക്, അൽ മുഹൈസിനയിലെ ആർ.ടി.എ ഡാറ്റാ സെന്റർ, ഉമ്മു റമൂലിലെ ആർ.ടി.എ ഡാറ്റാ സെന്റർ, അൽ സബ്ഖ കാർ പാർക്ക്, അൽ ഗുബൈബ കാർ പാർക്ക്, അൽ ജാഫിലിയ കാർ പാർക്ക്, അൽ അവീർ ബസ് ഡിപ്പോ, ഊദ് മേത്ത ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, മുഹൈസിനയിലെ ഡ്രൈവർമാരുടെ താമസകേന്ദ്രം എന്നിവയിലെല്ലാം നിലവിൽ സ്ഥാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.