അബൂദബിയെ സൗന്ദര്യ ഭൂമികയാക്കാന്‍ തന്റേതായ പങ്കുവഹിച്ച് ഒറ്റയാള്‍ പോരാട്ടത്തിലാണീ ഇറാഖി പ്രവാസി. 209 ഓളം മരങ്ങളാണ് തന്റെ പരിസരങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനായി സിനാന് ഔസിയെന്ന 62കാരന് ഇതിനകം നട്ടുപിടിപ്പിച്ചത്. 1999ലാണ് സിനാന് അബൂദബിയിലെത്തിയത്. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലാണ് ഏഴു വര്‍ഷത്തിനിടെ സിനാന് മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. 105 തെങ്ങുകള്‍, 104 ചെമ്പകം, 80ലേറെ കുറ്റിച്ചെടികള്‍ തുടങ്ങിയവയാണ് സിനാന് മേഖലയില്‍ വളര്‍ത്തിയിരിക്കുന്നത്.
സിനാന്റെ ഈ പ്രവൃത്തിയിലൂടെ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റ് ഒരു മരുപ്പച്ചയായി മാറിയിരിക്കുകയാണ്. പ്രവാസിയുടെ ഈ പ്രവൃത്തിയില്‍ സന്തുഷ്ടനായ അബൂദബി നഗര ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അല്‍ ഷൊറാഫ അദ്ദേഹത്തിനെ കഴിഞ്ഞദിവസം നേരില്‍ കാണുകയുണ്ടായി. ഇദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് നന്ദി പറയാനും ഷൊറാഫ മറന്നില്ല. പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ ആശംസകളും അദ്ദേഹം സിനാന് കൈമാറി.
പ്രസിഡന്റ് ശൈഖ് മുഹമ്മദിന് തന്റെ ഉദ്യമത്തെക്കുറിച്ച് അറിയാമെന്നും അതിനാല്‍ താനദ്ദേഹത്തോട് നന്ദിയുള്ളവനാണെന്നും പറഞ്ഞ സിനാന്, അബൂദബിയുടെ സുസ്ഥിരതയ്ക്കും പരിസ്ഥിതിക്കും നല്കിയ സംഭാവനയിലൂടെ താന്‍ മാനിക്കപ്പെട്ടതില് ഇറാഖി എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തന്റെ ഭൂ ഉടമയും അധികൃതരും അനുമതി നല്‍കിയതോടെയാണ് സിനാന്റെ പ്രകൃതി ദൗത്യത്തിന് തുടക്കമായത്. ശൈഖ് സായിദ് പാലം അടക്കമുള്ള സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എന്‍ജിനീയര്‍ കൂടിയാണ് സിനാന്. വളക്കൂറുള്ള മണ്ണ് ലോറിയിലെത്തിച്ചും മരങ്ങളും ചെടികളും നനയ്ക്കുന്നതിനായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. തന്റെ ഉദ്യമത്തിന് അബൂദബി മുനിസിപ്പാലിറ്റി മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ 11.30 വരെയാണ് സിനാന്റെ പ്രകൃതി സംരക്ഷണ ദൗത്യം. ജോലിയുടെ ഭാഗമായി ഏറെ കഷ്ടപ്പെടേണ്ടതുണ്ടെങ്കിലും പ്രകൃതിയോടുള്ള പ്രണയമാണ് മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്നതിനും അവ പരിപാലിക്കുന്നതിനും തന്നെ നിര്‍ബന്ധിക്കുന്നതെന്ന് സിനാന് പറയുന്നു.
എല്ലാ ദിവസവും വച്ചുപിടിപ്പിച്ച ചെടികളെ നോക്കി താന്‍ പുഞ്ചിരിക്കാറുണ്ട്. യു.എ.ഇയിലെ തന്റെ സമ്പത്താണീ മരങ്ങള്‍. നാളെ ഇതുവഴി കടന്നുപോവുന്നവര്‍ ഈ മരങ്ങള്‍ വച്ചുപിടിപ്പിച്ചയാള്ക്കു വേണ്ടി പ്രാര്‍ഥിക്കും. കൂടുതല്‍ ഹരിത ഇടങ്ങള്‍ ആവശ്യകതയായി മാറിക്കൊണ്ടിരിക്കുകയാണ്. വായു ശുദ്ധീകരണം, തണല്‍, ജൈവ പരിസ്ഥിതി പിന്തുണ തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് മരങ്ങള്‍ നല്‍കുന്നത്. പൂന്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും മരങ്ങള്‍ പരിപാലിക്കുന്നതിനുമുള്ള അറിവ് തന്റെ പിതാവാണ് പകര്ന്നുനല്കിയതെന്നും സിനാന് പറഞ്ഞു. നാലാം വയസ്സു മുതലാണ് പിതാവ് തനിക്ക് ഇത്തരം അറിവ് പകര്‍ന്നു തുടങ്ങിയത്. ഇറാഖിലെ തന്റെ വീട്ടില്‍ വലിയ ഉദ്യാനമുണ്ട്. മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിക്കുന്നത് അന്നുമുതല്‍ തന്റെ വികാരമായി മാറിയെന്നും സിനാന് വ്യക്തമാക്കി. സിനാന്റെ പ്രകൃതി പ്രതിബദ്ധത അദ്ദേഹത്തെ അബൂദബി പുരസ്കാരത്തിനുള്ള നാമനിര്‍ദേശത്തിനു വരെ സഹായകമായി. തന്റെ പ്രകൃതി ദൗത്യം വ്യാപിപ്പിക്കാന്‍ കൂടുതല്‍ പേര് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങണമെന്നും സിനാന് താമസക്കാരോട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.