അബൂദബിയിൽ നടന്ന കരിമരുന്ന് പ്രദർശനം
ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ, അബൂദബി എമിറേറ്റുകളിലെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ അരങ്ങേറി. ആകാശത്ത് വർണവിസ്മയം തീർത്ത വെടിക്കെട്ടുകൾ കാണാൻ വൻ ജനക്കൂട്ടമായിരുന്നു എത്തിയത്. അബൂദബിയിലെ കോർണിഷ്, യാസ് ബേ, അൽ ദഫ്റ, അൽ ഐൻ എന്നിവിടങ്ങളിലും ദുബൈയിൽ ജെ.ബി.ആർ ബീച്ച്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, ഹത്ത എന്നിവിടങ്ങളിൽ നടന്ന കരിമരുന്ന് പ്രയോഗം നിവാസികൾക്കും സന്ദർശകർക്കും അവിസ്മരണീയ അനുഭവം സമ്മാനിച്ചു.
രണ്ട് നഗരങ്ങളിലും വെടിക്കെട്ട് കാണാനുള്ള പ്രവേശനം സൗജന്യമായിരുന്നു. അബൂദബി ഡിപ്പാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിലാണ് എമിറേറ്റിലുടനീളം വെടിക്കെട്ട് പ്രദർശനം നടത്തിയത്.
അബൂദബി കോർണിഷിലും യാസ് ബേ വാട്ടർ ഫ്രണ്ടിലും യാസ് ഐലൻഡിലും രാത്രി ഒമ്പതിനായിരുന്നു പ്രദർശനം. അൽ ഐനിലെ ഹസാ ബിൻ സായിദ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനും അൽ ഐൻ മുനിസിപ്പാലിറ്റിയിൽ രാത്രി ഒമ്പതിനുമാണ് വെടിക്കെട്ട് അരങ്ങേറിയത്. അൽ ദഫ്റയിലെ മീദനത്ത് സായിദ് പബ്ലിക് പാർക്ക്, താം സെന്ററിന് പിറകിലുള്ള ഗയാതി, അൽ മുഗീറ ബീച്ച്, അൽ മർഫ് എന്നിവിടങ്ങളിൽ ഒമ്പതിനായിരുന്നു പ്രദർശനം.
ദുബൈയിൽ ജെ.ബി.ആർ ബീച്ച്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, നെസ്നാസ് ബീച്ച്, ഹത്ത, ജുമൈറ ബീച്ച് എന്നിവിടങ്ങളിൽ സൗജന്യമായാണ് വെടിക്കെട്ട് പ്രദർശിപ്പിച്ചത്. ഏപ്രിൽ അഞ്ചുവരെ ഗ്ലോബൽ വില്ലേജിലും വെടിക്കെട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.