ഡോ. നിജിത്ത് ചന്ദ്രൻ ഏഴ് എമിറേറ്റിലെ മണൽ ഉപയോഗിച്ച് ശൈഖ് സായിദിന്റെ കാൻവാസ് ഒരുക്കുന്നു
ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയദിനത്തിൽ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് മണൽ ചിത്രംകൊണ്ട് ആദരമർപ്പിച്ച് മലയാളി കലാകാരൻ. ചിത്രകാരനും എഴുത്തുകാരനുമായ ഡോ. നിജിത്ത് ചന്ദ്രനാണ് വ്യത്യസ്തമായ കലാരൂപത്തിന്റെ നിർമാതാവ്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ മൂന്ന് ദിവസങ്ങളിലായി സഞ്ചരിച്ച് ഓരോ എമിറേറ്റിലേയും മണലുപയോഗിച്ചാണ് ശൈഖ് സായിദിന്റെ മനോഹരമായ ഈ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. ‘7 സാൻഡ്സ് 7 എമിറേറ്റ്സ്’ എന്നാണ് മണൽ ആർട്ടിന് നൽകിയിരിക്കുന്ന പേര്.
പശ ഉപയോഗിച്ച് ശൈഖ് സായിദിന്റെ രേഖ ചിത്രം കാൻവാസിൽ വരച്ച ശേഷം അക്രിലിക് പെയിന്റിൽ ഏഴ് എമിറേറ്റുകളിൽനിന്നുമുള്ള മണൽ ചേർത്ത് മനോഹര നിർമിതിയാക്കി മാറ്റിയിരിക്കുകയാണ്. നിരവധി മണൽ ചിത്രങ്ങൾ വിവിധ കലാകാരന്മാർ ഇതിനു മുമ്പ് നിർമിച്ചിട്ടുണ്ടെങ്കിലും ഓരോ എമിറേറ്റിലും സഞ്ചരിച്ച് അവിടെനിന്നുള്ള മണലുകൾ ഉപയോഗിച്ച് അവിടെ വെച്ച് തന്നെ വരച്ചു ചിത്രം പൂർത്തിയാക്കുന്നത് ആദ്യമാണ്.
അബൂദബിയിൽനിന്ന് ആരംഭിച്ച് ദുബൈ, അജ്മാൻ, ഉമ്മുൽഖൈൻ, റാസൽ ഖൈമ, ഷാർജ എമിറേറ്റുകൾക്ക് ശേഷം ഫുജൈറയിലാണ് ചിത്രത്തിന്റെ അവസാന പണികൾ തീർത്തത്. ശേഷം അവിടെ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ ചിത്രം പ്രദർശനത്തിന് വെച്ചിരുന്നു. 5,000ത്തോളം പേരാണ് ചടങ്ങിന് സാക്ഷിയായത്. ഏഴു എമിറേറ്റുകളിൽനിന്നുള്ള മണലിൽ തീർത്ത ശൈഖ് സായിദിന്റെ ഏഴു ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ടവർക്ക് സമ്മാനിക്കാനാണ് തീരുമാനമെന്ന് ഡോ. നിജിത്ത് പറഞ്ഞു. നിജിത്തിന്റെ തത്സമയ നിർമാണം കാമറയിൽ പകർത്തിയത് സുഹൃത്ത് വിഷ്ണു നായരാണ്. ചരിത്രം പറയുന്ന യു.എ.ഇയുടെ മണൽ കൊണ്ട് തീർത്ത ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതാണ് വിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.