പോർചുഗലിൽ അറബി പഠനകേന്ദ്രം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: പോർചുഗലിൽ അറബി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പോർചുഗലിലെ പ്രശസ്തമായ കൊയിംബ്ര സർവകലാശാലയിലാണ് കേന്ദ്രം തുറന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും പങ്കെടുത്തു. അറബി ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി ആദ്യമായാണ് ഇത്തരമൊരു പ്രത്യേക കേന്ദ്രം രൂപപ്പെടുത്തുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴയതും ഉന്നതവുമായ കലാലയമാണ് കൊയിംബ്ര സർവകലാശാല. അറബ് ലോകവും യൂറോപ്പും തമ്മിലെ അക്കാദമികവും സാംസ്കരികവുമായ കൈമാറ്റങ്ങൾക്ക് കേന്ദ്രം വേദിയാകുമെന്നാണ് വിലിയിരുത്തപ്പെടുന്നത്.
ഉദ്ഘടാനത്തോട് അനുബന്ധിച്ച് ശൈഖ് സുൽത്താൻ ജോവാനിന ഡിജിറ്റൽ ലൈബ്രറിക്കും തുടക്കം കുറിചു. 1565 മുതലുള്ള ചരിത്രപ്രസിദ്ധമായ ബാർബോസ കൈയെഴുത്തുപ്രതി സമ്മാനിക്കുകയും അറബി, ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിൽ പ്രസിദ്ധീകരിച്ച തന്റെ ‘എ മൊമെന്റസ് ജേർണി’ എന്ന പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഉദ്ഘടാന ഫലകം അനാച്ഛാദനം ചെയ്തതിനുശേഷം ശൈഖ് സുൽത്താൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ സന്ദർശിക്കുകയും വിദ്യാർഥികളുമായി സംസാരിക്കുകയും അറബി ഭാഷ, സംസ്കാരം, കലകൾ എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. അറബ് സംസ്കാരത്തിന്റെ ആഗോള സാന്നിധ്യം വികസിപ്പിക്കുന്നതിനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷാർജയുടെ കാഴ്ചപ്പാടാണ് കേന്ദ്രം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക അറബി ഭാഷാ പ്രോഗ്രാമുകൾ, വ്യാകരണത്തിലും കാലിഗ്രാഫിയിലും നൂതന പാഠ്യപദ്ധതികൾ എന്നിവ കേരന്ദത്തിലുണ്ടാകും. കൂടാതെ അറബ്, യൂറോപ്യൻ എഴുത്തുകാർ, കവികൾ എന്നിവരെ പങ്കെടുപ്പിക്കുന്ന സെമിനാറുകളും ഫോറങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.