അൽ ബറക ഈത്തപ്പഴ സംസ്കരണ ഫാക്ടറി സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: അൽ ബറകയിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ഈത്തപ്പഴ സംസ്കരണ ഫാക്ടറി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു.
ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ എട്ട് ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ഫാക്ടറിക്ക് പ്രതിവർഷം ഒരു ലക്ഷം ടൺ ഉൽപാദന ശേഷിയുണ്ട്. നൂതനമായ ഭക്ഷ്യ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ അതിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നൂതനാശയങ്ങൾ, ശക്തമായ ഉൽപാദന ശൃംഖലകൾ, ദേശീയ ഉൽപന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കൽ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീകോം ഗ്രൂപ്പ് ചെയർമാൻ മാലിക് അൽ മാലികും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവിടെ നിന്നുള്ള ഈത്തപ്പഴ ഉത്പന്നങ്ങൾ യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിലായി 97 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
2004ൽ സ്ഥാപിച്ച ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിലവിൽ 350 ഫാക്ടറികളിലായി 17,000 തൊഴിലാളികളാണ് പ്രവർത്തിച്ച് വരുന്നത്. ജബൽ അലി തുറമുഖം, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് ടെർമിനൽ എന്നിങ്ങനെ തന്ത്രപ്രധാനമായ മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ശക്തമായ ലോജിസ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കാൻ ദുബൈ ഇൻഡസ്ട്രിയൽ സിറ്റിക്ക് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.