യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും യുക്രൈയ്​ൻ പ്രസിഡന്‍റ്​ വ്ലാദിമിർ സെലൻസ്കിയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു

നിലവിലെ സാഹചര്യം നേരിടുന്നത്​ വിവേകപൂർവം -​ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​

അബൂദബി: മേഖലയിൽ കൂടുതൽ പ്രതിസന്ധിയും സംഘർഷവുമുണ്ടാകുന്നത്​ തടയുന്നതിനായി നിലവിലെ സാഹചര്യത്തെ വിവേകപൂർവവും സംയമനത്തോടെയുമാണ്​ യു.എ.ഇ നേരിടുന്നതെന്ന്​ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. യുക്രൈയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്കിയുമായി അബൂദബിയിൽ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഇക്കാര്യം അദ്ദേഹം വ്യക്​തമാക്കിയത്​. യു.എ.ഇയുടെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുന്നത് തുടരുമെന്നും സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങളെ നേരിടുന്നതിന്​ പൂർണ സജ്ജമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിനുള്ള പൂർണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളടക്കം വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആക്രമണത്തെ അപലപിച്ച സെലെൻസ്‌കി, ഇത് പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും ദുർബലപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം ഇരു നേതാക്കളും യു.എ.ഇ–യുക്രൈയ്​ൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ(സെപ) വഴി വ്യാപാര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. യുക്രൈനിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാൻ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും യു.എ.ഇ പിന്തുണ തുടരുമെന്ന് ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി. കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ്​പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷയൽ കോർട്ട്​ ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ അടക്കമുള്ള ഉന്നത നേതാക്കളും മന്ത്രിമാരും പങ്കെടുത്തു.

Tags:    
News Summary - Facing the current situation wisely - Sheikh Mohammed bin Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.