അതിർത്തിയിൽ സൈനികർക്കൊപ്പം നോമ്പുതുറക്കുന്ന ശൈഖ് ഹംദാൻ
ദുബൈ: അതിർത്തി പ്രദേശമായ ഹത്തയിൽ സൈനികർക്കൊപ്പം നോമ്പുതുറന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ചയാണ് പട്രോൾ ഡ്യൂട്ടി നിർവഹിക്കുന്ന നാഷനൽ ഗാർഡ് അംഗങ്ങൾകൊപ്പം ഇഫ്താറിന് എത്തിയത്.
മലമുകളിലെ ഒരു സ്ഥലത്ത് സേനാംഗങ്ങൾകൊപ്പം ഇരുന്ന് നോമ്പതുറന്ന ശേഷം നമസ്കാരം നിർവഹിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹത്തയിലെ നാഷണൽ ഗാർഡ് അംഗങ്ങൾകൊപ്പം ഇഫ്താറിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് പിന്നീട് അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
പുണ്യമാസത്തിലും കുടുംബങ്ങളിൽ നിന്ന് അകലെ കഴിഞ്ഞുകൊണ്ട്, നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സേനാംഗങ്ങളുടെ സമർപ്പണം ഏറെ ശ്രദ്ധേയമാണ്. രാജ്യം സുസ്ഥിരതയുടെയും സമൃദ്ധിയുടെയും കേന്ദ്രമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ അഹോരാത്രം പണിയെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ പട്രോളിങ് സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ശൈഖ് ഹംദാൻ, പ്രദേശത്തെ വിവിധ സ്ഥലങ്ങൾ ചുറ്റിക്കാണുകയും ചെയ്തു. ദുബൈ എമിറേറ്റിന്റെ ഭാഗമായ ഹത്ത ഒമാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഗ്രാമീണ സൗന്ദര്യമുള്ള ഹത്തയിൽ നിരവധി വികസന, വിനോദസഞ്ചാര പ്രവർത്തനങ്ങളും സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.