കെ.എം.സി.സി സി.എച്ച്​ രാഷ്​ട്രസേവാ പുരസ്കാരം ശശി തരൂരിന്

ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്.​ മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്​ രാഷ്​ട്രസേവാ പുരസ്കാരം മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്​. ജൂറി ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവരാണ്​ വാർത്താസമ്മേളനത്തിൽ അവാർഡ്​ പ്രഖ്യാപിച്ചത്​. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.

മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി പാർലമെൻറിനകത്തും പുറത്തും നടത്തുന്ന നിരന്തര ഇടപെടൽ മുൻനിർത്തിയാണ് പുരസ്​കാരം. വർഗീയ ഫാഷിസത്തിനെതിരെ ശശി തരൂർ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് മതേതര സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഡോ.പി.എ. ഇബ്രാഹിം ഹാജി ചെയർമാനും ഗ്രന്ഥകാരൻ എം.സി. വടകര, പി.എസ്​.സി മുൻ അംഗം ടി.ടി. ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സി.എച്ച്.​ മുഹമ്മദ് കോയയുടെ നേതൃമഹിമ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ്​ കോഴിക്കോട് ജില്ല കെ.എം.സി.സി വിവിധ അനുസ്മരണ പരിപാടികൾ നടത്തുന്നത്. സി.എച്ച്​ രാഷ്​ട്രസേവ പുരസ്കാര സമർപ്പണവും 'മതനിരപേക്ഷ രാഷ്​ട്രം; പ്രതിസന്ധിയും പ്രതിവിധിയും'എന്ന വിഷയത്തിൽ സെമിനാറും കോഴിക്കോട്ട് നടത്തുമെന്ന് കെ.എം.സി.സി ജില്ല പ്രസിഡൻറ്​ ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ അറിയിച്ചു.

ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ജില്ല ഭാരവാഹികളായ നാസർ മുല്ലക്കൽ, കെ. അബൂബക്കർ മാസ്​റ്റർ, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, കെ.പി. മൂസ, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, ഹാഷിം എലത്തൂർ, അഷ്റഫ് ചമ്പോളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.