ഷാർജ: ഷാർജയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചും വിഷം നൽകിയുമെന്ന് പൊലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുജറാത്ത് വഡോദര സ്വദേശികളാണ് മരിച്ചവർ. ചൊവ്വാഴ്ചയാണ് ഷാർജ ബുഹൈറയിൽ യുവാവ് ഭാര്യയെയും നാല്, എട്ട് വയസ്സുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം 11 നില കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്.
ഭാര്യയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. കുട്ടികളുടെ കഴുത്തിൽ മുറിപ്പാടുണ്ട്. ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാൾതന്നെയാണ് ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചത്. ഇതറിഞ്ഞാണ് പൊലീസ് ഫ്ലാറ്റിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറിയതും മൃതദേഹം കണ്ടെത്തിയതും.
ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഭർത്താവിന്റെ മൃതദേഹം യു.എ.ഇയിൽതന്നെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജർമാരെയും ഭാര്യയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്തു. ദുബൈയിലെ പ്രശസ്തമായ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ഡയറക്ടറാണ് ഇയാൾ. സാമ്പത്തിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആറു മാസമായി ഇതേ കെട്ടിടത്തിലാണ് താമസം. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.