യു.എ.ഇയിൽ പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു; 24 മണിക്കൂറിൽ ഡ്രൈവിങ് സമയം ഒമ്പത് മണിക്കൂറായി പരിമിതപ്പെടുത്തി

ദുബൈ: രാജ്യത്ത് റോഡ് സുരക്ഷ വർധിിപ്പിക്കുന്നതിനായി മന്ത്രിസഭാ തീരുമാനം വഴി പുതിയ ഫെഡറൽ ട്രാഫിക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്നുമുതൽ നിലവിൽ വരുന്ന കാബിനറ്റ് തീരുമാനം 174- 2026 നിയമപ്രകാരം, 24 മണിക്കൂറിനുള്ളിൽ ഡ്രൈവർമാർക്ക് അനുവദനീയമായ പരമാവധി ഡ്രൈവിങ് സമയം ഒമ്പത് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ഡ്രൈവിങ് സമയം ഒമ്പത് മണിക്കൂർ ആയില്ലെങ്കിൽ പോലും, ഡ്രൈവർ ശാരീരികമായി ക്ഷീണിതനാണെങ്കിൽ വാഹനം ഓടിക്കുന്നതിന് കർശന നിരോധനമുണ്ട്. വ്യക്തിഗത ഡ്രൈവർമാർക്കും ഇത് ബാധകമാണ്.

റോഡ് സുരക്ഷയും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി നിരവധി നിർദേശങ്ങൾ പുതിയ നിയമത്തിലുണ്ട്. ജനവാസ മേഖലകളിലെ ആന്തരിക റോഡുകളിലെ പരമാവധി വേഗത മണിക്കൂറിൽ 40 കി.മീ ആയി പരിമിതപ്പെടുത്തി. സ്കൂളുകൾ, ആശുപത്രികൾ, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകൾ എന്നിവിടങ്ങളിൽ വേഗത കുറക്കണം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധതിരിക്കുന്ന മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിരോധിച്ചിട്ടുണ്ട്. മുൻനിരയിലെയും പിൻനിരയിലെയും യാത്രക്കാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം.

തൊഴിൽപരമായ ഡ്രൈവിങ്ങിലും ഡെലിവറി മേഖലയിലും പ്രവർത്തിക്കുന്നവർക്കായി പ്രത്യേക ചട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി ബൈക്ക് റൈഡർമാർ യാത്രക്കാരെ പുറകിൽ കയറ്റാൻ പാടില്ല. ബാക്ക്പാക്കുകൾ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത ലോഡിങ് ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. തൊഴിൽപരമായ ഡ്രൈവിങ് നടത്തുന്നവർ സാധുവായ പ്രൊഫഷനൽ ലൈസൻസ് കരുതണം. വാഹനം ഓടിക്കുമ്പോൾ നിർദ്ദിഷ്ട ഡിജിറ്റൽ സിസ്റ്റത്തിൽ ലോഗിൻ ചെയ്യുകയും വേണം.

സൈക്കിൾ യാത്രികർ ഹെൽമെറ്റ് ധരിക്കണമെന്നും വരിയായി മാത്രമേ യാത്ര ചെയ്യാവൂ എന്നും പുതിയ നിയന്ത്രണങ്ങളിൽ വ്യക്തമാക്കുന്നു. കൂടാതെ, സ്കൂൾ ബസുകളിൽ നിന്നും പബ്ലിക് ബസുകളിൽ നിന്നും യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റ് വാഹനങ്ങൾ വേഗത കുറക്കുകയോ നിർത്തുകയോ ചെയ്യണം. ബസിനും നടപ്പാതക്കും ഇടയിലൂടെ വാഹനങ്ങൾ ഓടിച്ചു പോകുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ കുറക്കാനും സുരക്ഷിതമായ ഗതാഗത സംസ്കാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.

Tags:    
News Summary - traffic laws in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.