അൽ താവൂൻ ഇന്‍റർചേഞ്ച് ഭാഗികമായി തുറന്നു; ദുബൈ-ഷാർജ പാതയിൽ ഗതാഗതക്കുരുക്കിന് ആശ്വാസം

ഷാർജ: ദുബൈ-ഷാർജ യാത്രക്കാർക്ക് ഏറെ ആശ്വാസമേകി അൽ താവൂൻ ഇന്‍റർചേഞ്ച് റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഭാഗികമായി തുറന്നുകൊടുത്തു. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് അൽ താവൂൻ ഇന്‍റർചേഞ്ചിന്‍റെയും പാലങ്ങളുടെയും ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. ഷാർജ രാജ്യാന്തര പുസ്തകമേളക്ക് തുടക്കമായ പശ്ചാത്തലത്തിൽ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും എക്സ്പോ സെന്‍ററിലേക്കുള്ള വൺവേ പാത സജ്ജമായത് മേളയിലേക്ക് എത്തുന്ന സന്ദർശകർക്ക് ഏറെ സഹായകമാകും.

മേളയിലെത്തുന്നവർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനാണ് ഒന്നാം ഘട്ടം വേഗത്തിൽ തുറന്നതെന്നും ബാക്കി നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റി (മുബാദറ) ചെയർമാൻ ഡോ. സലാഹ് ബിൻ ബൂതി അൽ മുഹൈരി പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അൽ താവൂൻ റൗണ്ട് എബൗട്ടിലെ മുകൾത്തട്ടിലുള്ള ജങ്ഷൻ, അൽ താവൂൻ ടണൽ, ഇൻഡസ്ട്രിയൽ സ്ട്രീറ്റുകളിലെ പാലങ്ങൾ എന്നിവ പൂർണ്ണമായി തുറക്കും. കൂടാതെ അൽ ഖുലഫാഉർ റാശിദീൻ ഇന്‍റർചേഞ്ചും ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നവീകരണവും പൂർത്തിയാക്കും.

പുതിയ തുരങ്കങ്ങൾ, പാലങ്ങൾ, ഇന്‍റർചേഞ്ചുകൾ, റോഡ് വീതികൂട്ടൽ തുടങ്ങി അഞ്ച് പ്രധാന ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. ദുബൈ ഭാഗത്തേക്ക് മണിക്കൂറിൽ 4,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള 560 മീറ്റർ നീളമുള്ള അൽ താവൂൻ ടണൽ, ഇൻഡസ്ട്രിയൽ ഏരിയകളെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ, ദുബൈയിലെ ദമാസ്കസ് സ്ട്രീറ്റിനെയും ഷാർജയിലെ വാസിത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റിങ് റോഡിൽ അധിക വരികൾ നിർമിച്ച് ഗതാഗതശേഷി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആകെ 9.18 കിലോമീറ്റർ നീളത്തിലാണ് ഈ റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പാർപ്പിട മേഖലകൾക്കും സഹായകരമാകും വിധം സർവീസ് റോഡുകളും പാർക്കിങ് സൗകര്യങ്ങളും നവീകരിച്ചിട്ടുണ്ടെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ യൂസഫ് ഖാമിസ് അൽ ഉഥ്മാനി വ്യക്തമാക്കി. നഗരവളർച്ചക്കും ജനങ്ങളുടെ യാത്ര എളുപ്പമാക്കാനും പുതിയ റോഡ് ശൃംഖല സഹായിക്കും.

Tags:    
News Summary - Al Taawon Interchange partially reopens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.