പശ്ചിമേഷ്യയിലെ ആദ്യ ഔട്ട്‌ഡോര്‍ ചില്‍ഡ്രന്‍സ് ബിനാലെ അബൂദബിയിൽ ആറുമുതല്‍

അബൂദബി: കലയും പ്രകൃതിയും കോര്‍ത്തിണക്കി പശ്ചിമേഷ്യയിലെ ആദ്യ ഔട്ട്‌ഡോര്‍ ചില്‍ഡ്രന്‍സ് ബിനാലെക്കായി അബൂദബി ഒരുങ്ങുന്നു. നവംബര്‍ ആറുമുതല്‍ ഡിസംബര്‍ ആറുവരെ അബൂദബി ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കിലാണ് (അല്‍ മുശ്​രിഫ് പാര്‍ക്ക്) മാസം നീളുന്ന കലാവിരുന്ന്. അബൂദബി മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള അബൂദബി ഫെസ്റ്റിവലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാഷനല്‍ ഗാലറി സിംഗപ്പൂര്‍, ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്ക്, സലായെല്‍ ഹോസ്പിറ്റാലിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്.

യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്​യാന്‍, ശൈഖ അഫ്‌റ ബിൻത്​ സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍ എന്നിവരുടെ രക്ഷാകര്‍തൃത്വത്തിലാണ് ചില്‍ഡ്രന്‍സ് ബിനാലെ നടക്കുന്നത്.

‘ലോകത്തെ അനുഭവിക്കാം‘: പ്രകൃതിയെ തൊട്ടറിയാം

‘ലോകം എങ്ങനെ അനുഭവപ്പെടുന്നു’ എന്നതാണ് ബിനാലെയുടെ പ്രധാന പ്രമേയം. പാര്‍ക്കിലെ മരങ്ങള്‍ക്കിടയിലൂടെയും തുറസ്സായ ഇടങ്ങളിലൂടെയും നടന്നും പ്രകൃതിയിലെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തും കഥകള്‍ കണ്ടെത്താന്‍ കുട്ടികളെ ക്ഷണിക്കുന്നതാണ് പ്രദര്‍ശനം. കുട്ടികളില്‍ പരിസ്ഥിതിബോധവും കലാഭിരുചിയും വളര്‍ത്തുകയാണ് ലക്ഷ്യം.

എട്ട് സംവേദനാത്മക കലാസൃഷ്ടികള്‍

എട്ട് പ്രത്യേക ഇന്‍സ്റ്റലേഷനുകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ഏഴെണ്ണം യു.എ.ഇയില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാര്‍ തയാറാക്കിയവയാണ്. എട്ടാമത്തേത് ഇന്തോനേഷ്യന്‍ കലാകാരൻ എക്കോ നുഗ്രോഹോയുടേതാണ്. ദാന അല്‍ മസ്‌റൂയി ആണ് ബിനാലെയുടെ ക്യുറേറ്റര്‍.

യു.എ.ഇയുടെ തനിമ, ജൈവവൈവിധ്യം, ഇമാറാത്തി സംസ്‌കാരവും പൈതൃകവും എന്നിവ പ്രമേയമാക്കിയാണ് യു.എ.ഇയിലെ കലാകാരന്മാര്‍ ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിരിക്കുന്നത്. ആലിയ അല്‍ ശംസി, അയ അഫാനെ, ഹന അല്‍ സഗിനി, മൂസ അല്‍ മത്റൂശി, മൂസ അല്‍ മസ്‌റൂയി, മീര അല്‍ മസ്‌റൂയി, എന്‍.ഡബ്ല്യു.ടി-ആര്‍ സ്റ്റുഡിയോ, സാറ അഫാനെ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നദ അല്‍ മൂസ എന്നിവരാണ് ഈ സൃഷ്ടികള്‍ക്ക് പിന്നില്‍.

വര്‍ക്ക്ഷോപ്പുകളും സ്‌കൂള്‍ സന്ദര്‍ശനങ്ങളും

യു.എ.ഇയുടെ 2026 ‘കുടുംബ വര്‍ഷ’ ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബിനാലെ നടക്കുന്ന ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് പ്രഭാത ഗൈഡഡ് ടൂറുകള്‍ ബുക്ക് ചെയ്യാം. കൂടാതെ, നവംബര്‍ 6, 7, 13, 14 തീയതികളില്‍ വൈകുന്നേരം 6:30 മുതല്‍ കുടുംബങ്ങള്‍ക്കായി കലാകാരന്മാര്‍ നയിക്കുന്ന പ്രത്യേക ശില്‍പശാലകള്‍ നടക്കും. 

Tags:    
News Summary - West Asia's First Outdoor Children's Biennale in Abu Dhabi from Nov 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.