ഷാർജ: ഗസ്സയിലേക്ക് അടിയന്തര ഭക്ഷണ സഹായമെത്തിക്കാൻ ഷാർജ ചാരിറ്റി ഇന്റർനാഷണൽ. ഗസ്സയിൽ യു.എ.ഇ നടത്തുന്ന സഹായദൗത്യത്തിന്റെ ഭാഗമയാണ് ഭക്ഷണ വിതരണം ആസൂത്രണം ചെയ്യുന്നത്. ഗസ്സയിലെ ദുരിതബാധിതകർക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇയും ഇസ്രായേലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഭക്ഷണവിതരണം. എല്ലാദിവസവും 20,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ഷാർജ ചാരിറ്റി ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പിന്നാലെ ഫലസ്തീനികൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ് 3ന്റെ ഭാഗമായാകും സഹായവിതരണം.
ഇസ്രായേലിന്റെ കടുത്ത ഉപരോധത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിയിലാണ് ഗസ്സൻ ജനത. ഈ സാഹചര്യത്തിൽ ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാറുമായി യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ഫോൺ വഴി ചർച്ച നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ 15,000 പേർക്കാണ് ഭക്ഷണവിതരണത്തിന്റെ ഗുണഫലം ലഭിക്കുക. കരാർ പ്രകാരം യു.എ.ഇ സഹായ ദൗത്യത്തിന്റെ ഭാഗമായി ഗസ്സയിൽ പ്രവർത്തിക്കുന്ന ബേക്കറികൾക്ക് അവശ്യവസ്തുക്കൾ എത്തിക്കും. ഇവിടെ നിന്നാണ് ബ്രഡുകൾ ഉണ്ടാക്കി വിതരണം ചെയ്യുക.
ഗസ്സയിൽ നിലവിലുള്ള ഏറ്റവും വലിയ ഭക്ഷ്യസഹായ സംരംഭമാണ് ഇതെന്ന് ഷാർജ ചാരിറ്റി ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ അൽ ഖാദിം പറഞ്ഞു. ഏഴര ലക്ഷം ദിർഹമാണ് ഭക്ഷണവിതരണത്തിന്റെ പ്രതിമാസ ചെലവ്. ഇസ്രായേൽ ഉപരോധവുമായി ബന്ധപ്പെട്ട്, ഫലസ്തീൻ വൈസ് പ്രസിഡണ്ട് ഹുസൈൻ അൽ ശൈഖുമായും ശൈഖ് അബ്ദുല്ല ചർച്ച നടത്തിയിരുന്നു. അബൂദബിയിലായിരുന്നു കൂടിക്കാഴ്ച. ഫലസ്തീൻ ജനതക്ക് യു.എ.ഇ നൽകുന്ന സഹായം തുടരുമെന്ന് ശൈഖ് അബ്ദുല്ല അറിയിച്ചു. കൂടുതൽ സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇസ്രായേൽ ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ മുതൽ 2024 നവംബർ വരെയുള്ള ഒരു വർഷത്തിനിടെ, 82.8 കോടി യുഎസ് ഡോളറിന്റെ സഹായമാണ് യു.എ.ഇ ഗസ്സക്കായി എത്തിച്ചിട്ടുള്ളത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ ആദ്യമായി ഇടപെട്ട രാഷ്ട്രവും യു.എ.ഇയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.